കോഴിക്കോട്: പോക്സോ കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്നയാളുടെ വീട്ടിൽനിന്ന് മാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ പിടികൂടിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന് വനം വകുപ്പ്.
മൂടാടി ഹിൽബസാർ സ്വദേശി ശിവപുരി പി.ടി. ശ്രീധനമഹേഷ് മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ചെറുകുളം കോട്ടുപാടം റോഡിൽ ഉണിമുക്ക് ഭാഗത്തെ വീട്ടിൽനിന്നാണ് മലാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ വനംവകുപ്പ് അധികൃതർ പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എലത്തൂര്‍ പോലീസാണ് ശ്രീധനമഹേഷിനെതിരേ കേസെടുത്തത്.
ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും. എലത്തൂര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും താമരശേരി റേഞ്ച് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
മാഫിയാസംഘത്തിന് ഇതിൽ ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.കൊന്പുകൾക്കു പുറമെ പവിഴപ്പുറ്റും നാടൻതോക്കിന്റെ ഭാഗങ്ങളും കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടിയിരുന്നു.
കോഴിക്കോട് ഫ്ളയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 1972ലെ വന്യജീവി സംരക്ഷണനിയമ പ്രകാരം വന്യജീവികളുടെ ശരീരഭാഗങ്ങൾ കൈവശംവയ്ക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. കേസ് തുടരന്വേഷണത്തിനായി താമരശേരി റേഞ്ച് ഓഫീസിന് കൈമാറിയിട്ടുണ്ട്.