സ്വന്തം ലേഖിക
കണ്ണൂര്‍: നിയമം കര്‍ശനമാക്കുമ്പോഴും സംസ്ഥാനത്തു പോക്സോ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2022 ഒക്ടോബർ വരെ 3,729 പോക്സോ കേസുകളാണു രജിസ്റ്റര്‍ ചെയ്തത്.
വീടുകളിലും വിദ്യാലയങ്ങളിലുമാണ് കുട്ടികള്‍ ഏറെയും ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. പല കുട്ടികളും ഇതു പുറത്തുപറയാറില്ല.
സ്കൂളുകളില്‍ നല്കുന്ന കൗണ്‍സലിംഗ് ക്ലാസുകളിലാണു കുട്ടികള്‍ ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യപ്പെടുന്നത്. പ്രതികളാകുന്നവരിൽ ഏറെയും അധ്യാപകരും ബന്ധുക്കളും തന്നെയാണ്. കുട്ടികള്‍ക്ക് കഞ്ചാവും മയക്കുമരുന്നും നല്കി പീഡനത്തിന് ഇരയാക്കുന്നതും വര്‍ധിക്കുന്നുണ്ട്.
വര്‍ഷംതോറും പോക്സോ കേസുകളില്‍ ഉണ്ടാകുന്ന വര്‍ധന വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്നു പോലീസ് പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 2021-3559, 2020-3056, 2019-3640, 2018-3181, 2017-2704 കേസുകളുണ്ടായി.
പോക്സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്-450. കഴിഞ്ഞ ആറുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2021ല്‍ 260, 2020ല്‍ 387, 2019ല്‍ 448, 2018ല്‍ 410, 2017ല്‍ 220, 2016ല്‍ 244 എന്നിങ്ങനെയാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.
മറ്റുള്ള ജില്ലകളില്‍ വര്‍ഷംതോറും കൂടിയും കുറഞ്ഞുമിരിക്കുന്നു. തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളിലും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
പാലക്കാട് ജില്ലയില്‍ 249(2022), 256(2021), 254(2020) തിരുവനന്തപുരം റൂറലില്‍ 342 (2022), 319 (2021), 249 (2020) എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍.
ഒരിക്കല്‍ പോക്സോ കേസില്‍ അറസ്റ്റിലായി ശിക്ഷ അനുഭവിച്ച് ജയിലില്‍നിന്നു പുറത്തിറങ്ങിയ പ്രതികള്‍ വീണ്ടും പോക്സോ കേസുകളില്‍ അറസ്റ്റിലാകുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നുണ്ട്.
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നു. ഒരുമാസം മുന്‍പ് കണ്ണൂരില്‍ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിഗരറ്റും ഹാന്‍സും നല്കി പീഡിപ്പിച്ചെന്നായിരുന്നു കേസ്. മാസങ്ങള്‍ക്കുശേഷമാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.
വ്യക്തിവിരോധത്തിന്റെയും രാഷ്ട്രീയ പകപോക്കലിന്റെയും ഭാഗമായുള്ള പരാതികളില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതോടെ പോലീസ് ജാഗ്രതയോടെയാണു നടപടി സ്വീകരിച്ചുവരുന്നത്.