പത്തനംതിട്ട: ജില്ലയിൽ മുന്‍പെങ്ങുമുണ്ടാകാത്ത വിധത്തിൽ പോക്സോ കേസുകളുടെ എണ്ണം പെരുകുന്നു. ചെറുപ്രായക്കാരായ കുട്ടികൾക്കു നേരേ ഉണ്ടാകുന്ന പീഡനങ്ങളെ സംബന്ധിച്ചു പോലീസും ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലുമൊക്കെ പഠനം നടത്തിവരികയാണ്.
ചെറുപ്രായത്തിലുണ്ടാകുന്ന പക്വതയില്ലാത്ത പല ബന്ധങ്ങളുമാണ് പീഡനത്തിലേക്കു വഴിവയ്ക്കുന്നതെന്നാണ് കണ്ടെത്തൽ.
ഏഴു മാസം കൊണ്ട് 109 പോക്സോ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 62 കേസുകളും ബാലപീഡനങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 29 പീഡന കേസുകളാണുണ്ടായത്.
ഈ വർഷം അത് ഇരട്ടിയിലധികമായി.നാലും അഞ്ചും വയസ് മുതൽ 17 വയസുവരെയുള്ള കുട്ടികൾ ജില്ലയിൽ വിവിധ രീതികളിൽ ആക്രമണം നേരിടുകയാണ്.
ഇതിൽ ക്രൂരമായ ബലാത്സംഗം അടക്കമുണ്ട്. സന്തോഷത്തിന്റെ ബാല്യം നൊന്പരമായ കുട്ടികൾ പലരും ഇന്നു കൗൺസലിംഗുകൾക്കടക്കം വിധേയപ്പെട്ടു ജീവിതത്തിലേക്കു തിരികെവരാനുള്ള ശ്രമത്തിലാണ്.
രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ കുറെക്കൂടി ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാലഘട്ടമാണെന്നാണ് കൗൺസലിംഗ് മേഖലയിലുള്ളവരുടെ അഭിപ്രായം.
16, 17 പ്രായക്കാരെലക്ഷ്യമിട്ട്
ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തേക്കുവരുന്ന കുട്ടികളെ പ്രലോഭനങ്ങളിൽ പെടുത്തി കെണിയിൽ വീഴിക്കുന്ന കാഴ്ചയാണ് ഏറെയും.
2021ൽ പതിനേഴുകാരികളായ 24 പേർ പീഡനത്തിനിരയായി. 2022ൽ പതിനാറുകാരികളായ 25 പേർ സമാനമായി ഇരകളായി.
ഓരോ വർഷം കഴിയുംതോറും കേസുകളുടെ എണ്ണം ഉയരുകയാണ്. പതിനാറ്, പതിനേഴ് വയസുള്ള കുട്ടികളിൽ ഭൂരിഭാഗവും അപക്വമായ പ്രണയ ബന്ധങ്ങളിൽപ്പെട്ടു കുരുക്കിലായവരാണെന്നാണ് കണ്ടെത്തൽ.
അതിൽത്തന്നെ ഏറെപ്പേരും കുടുങ്ങിയതു സാമൂഹിക മാധ്യമങ്ങളിലൂടെയാണ്.അമ്മയുടെ ആൺസുഹൃത്തുക്കളും അടുത്ത ബന്ധുക്കളും കൂട്ടുകാരുമെല്ലാം കുട്ടികളെ ചൂഷണം ചെയ്ത കഥകൾ പുറത്തുവന്നിരുന്നു.
പോലീസിനോ ചൈൽഡ് വെൽഫെയർ കൗൺസിലിനോ ലഭിക്കാത്ത നിരവധി സംഭവങ്ങൾ വേറെയുമുണ്ടാകാം.പോക്സോ കേസുകൾക്കു മാത്രമായി ഒരു കോടതി പത്തനംതിട്ടയിൽ സ്ഥാപിച്ചിട്ടുണ്ട്.
കേസുകൾ വളരെ വേഗത്തിൽ തീർപ്പാക്കുന്നുണ്ട്. പ്രതികൾക്കു പരമാവധി ശിക്ഷ വാങ്ങി നൽകാനുള്ള ശ്രമമാണ് നടത്തുന്നതെന്നു പോലീസ് പറഞ്ഞു. 50 വർഷത്തിലധികം തടവുശിക്ഷ വിധിച്ച കേസുകൾ പത്തനംതിട്ടയിൽ കഴിഞ്ഞയിടെയുണ്ടായി.
കുരുന്നുകൾക്കുംരക്ഷയില്ല
നാലു വയസ് മുതലുള്ള കുട്ടികൾക്കു പീഡനമേൽക്കേണ്ടിവരുന്ന സംഭവങ്ങളും ജില്ലയിലുണ്ടായി.പത്തുമുതല്‍ 15 വയസുവരെയുള്ള 49 കുട്ടികളാണ് കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ ജില്ലയില്‍ ലൈംഗികാതിക്രമം നേരിട്ടത്.
കഴിഞ്ഞ വര്‍ഷം 58 പീഡന കേസുകളാണുണ്ടായത്. 2021ല്‍ ആറു മുതല്‍ 15 വയസുവരെയുള്ള 25 പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരകളായി.
സാമൂഹിക മാധ്യമവും ലഹരിയും
സാമൂഹിക മാധ്യമങ്ങളിലൂടെ അപരിചിതരുമായി ബന്ധം സ്ഥാപിക്കുന്നവരാണ് കെണിയിൽപ്പെടുന്നവരിൽ ഏറെയും. മൊബൈൽ ഫോണിന്റെ ദുരുപയോഗമാണ് കുട്ടികളെ അപകടത്തിലാക്കുന്നത്.
കുട്ടികളുടെയിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും ഇത്തരം പീഡനങ്ങളിലേക്കു വഴിതെളിക്കപ്പെടുന്നുണ്ട്.