ഇടുക്കി: നെടുങ്കണ്ടത്ത് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുന്നതിനിടെ കടന്നു കളഞ്ഞ പോക്സോ കേസ് പ്രതി പോലീസ് പിടിയിലായി.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ടം പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പിതാവാണ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെ വീടിനു സമീപത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാത്രി നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് കേസിലെ രണ്ടു പ്രതികളില്‍ ഒരാളായ പിതാവ് വീട്ടുവളപ്പില്‍നിന്ന് ഓടി രക്ഷപ്പെട്ടത്.
നെടുങ്കണ്ടം സിവില്‍സ്റ്റേഷനു സമീപം കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്തു കൂടി രക്ഷപെട്ട പ്രതി, കല്ലാര്‍, പാമ്പാടുംപാറ മേഖലയിലെ ഏലത്തോട്ടത്തിലേക്കു കടക്കുകയായിരുന്നു.
നാട്ടുകാരുടെയും പോലീസ് നായയുടെയും സഹായത്തോടെ, പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല.
കഴിഞ്ഞ ദിവസം രാത്രിയില്‍ നെടുങ്കണ്ടത്തുനിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള വീടിന്റെ പരിസരത്ത് പ്രതി എത്തുകയും പോലീസിന്റെ പിടിയിലാകുകയുമായിരുന്നു.
കസ്റ്റഡിയില്‍നിന്നു പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരെ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഷാനു എം.വാഹിദ്, ഷമീര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതിനിടെ പ്രതിയുടെ ചിത്രം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍നിന്നു ചോര്‍ന്നതിലും വകുപ്പുതല നടപടിയുണ്ടാകും.
പോക്സോ കേസില്‍ അതിജീവിതയുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുവിടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നില നില്‍ക്കുന്നതിനിടെയാണ് ചിത്രം പുറത്തുവന്നത്.