ഇരയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് 22കാരനെതിരായ പോക്സോ കേസില്‍ തുടര്‍ നടപടി റദ്ദാക്കി കേരളാ ഹൈക്കോടതി.
ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്താണിത്. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്.
ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും കോടതി കണക്കിലെടുത്തു.
കൊടകര പോലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി 20-ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്ജിക്കാരന്. 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 16-ന് പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിച്ചു. ഇതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയും പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.