കൊച്ചി: മുന്‍ മിസ് കേരള ജേതാക്കളായ മോഡലുകളുടെ അപകട മരണക്കേസിലെ പ്രതി നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുള്ള പോക്സോ കേസില്‍ അന്വേഷണ സംഘം ഉടന്‍ ഇരയുടെ മൊഴി രേഖപ്പെടുത്തും.
കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയില്‍ ഫോര്‍ട്ടുകൊച്ചി പോലീസ് റോയിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.
റോയിയുടെ കൂട്ടുപ്രതി സൈജു തങ്കച്ചന്, ഇയാളുടെ സുഹൃത്ത് അഞ്ജലി എന്നിവരെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഫോര്‍ട്ടുകൊച്ചി പോലീസ് ഈ കേസ് കൈമാറിയിട്ടുണ്ട്.
അമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അറസ്റ്റ് നടപടികള്‍ ഉണ്ടാകുക. അതേസമയം പ്രതികള്‍ ഒളിവിലാണെന്നാണ് സൂചന.
കഴിഞ്ഞ ഒക്ടോബര്‍ 20ന് നമ്പര്‍18 ഹോട്ടലില്‍ വച്ച് റോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചു.
പോലീസില്‍ പരാതി നല്കിയാല് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ ഒന്നിന് പുലര്‍ച്ചെയായിരുന്നു മോഡലുകളുടെ അപകട മരണം നടന്നത്.
ഈ കേസില്‍ റോയിയും സൈജുവും പ്രതികളാണ്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ ഒമ്പതു കേസുകളും വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.