കൊച്ചി: പോക്സോ കേസില്‍ പ്രതികളായ നമ്പര്‍ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി അഞ്ചിനു സ്പെഷല്‍ സിറ്റിംഗ് നടത്തി വാദം കേള്‍ക്കാനായി മാറ്റി. ജസ്റ്റീസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
കേസിലെ ഇരയുടെ രഹസ്യ മൊഴി ഹര്‍ജികളില്‍ സിംഗിള്‍ബെഞ്ച് പരിശോധിച്ചിരുന്നു. പതിനേഴുകാരിയുടെ മൊഴിയിലെ ചില വെളിപ്പെടുത്തലുകള്‍ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ഇന്നലെ ഹര്‍ജികളില്‍ സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു. തുടര്‍ന്നാണ് വിശദമായി വാദം കേള്‍ക്കാന്‍ ഹര്‍ജികള്‍ മാറ്റിയത്.
അഞ്ജലിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് റോയ് ജെ. വയലാട്ട് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ പോക്സോ കേസ് എടുത്തത്.
2021 ഒക്ടോബറില്‍ അഞ്ജലിയ്ക്കൊപ്പം താനും മകളും ബിസിനസ് മീറ്റിംഗിനായി നമ്പര്‍ 18 ഹോട്ടലിലെത്തിയെന്നും റോയ് വയലാട്ട് തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഇവിടെ വച്ച് ഉപദ്രവിച്ചെന്നുമാണ് പരാതിക്കാരി ആരോപിക്കുന്നത്.
എന്നാല്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന ആരോപണങ്ങള്‍ കളവാണെന്നും പരാതിക്കാരിയുടെ ജോലി നഷ്ടമായതിലുള്ള വൈരാഗ്യമാണ് കള്ളക്കേസിനു കാരണമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. എന്നാല്‍ കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന് ആരോപിച്ചിരുന്നു.