പത്തനംതിട്ട: കുമ്പഴയിൽ തമിഴ്നാട് സ്വദേശിനിയായ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് വധശിക്ഷ. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- ഒന്ന് (പോക്സോ കോടതി) ജഡ്ജി ജയകുമാർ ജോണാണ് പ്രതിയെ തൂക്കിലേറ്റാൻ വിധിച്ചത്.
തമിഴ്നാട് വിരുതുനഗർ ശിവകാശി തളുക്കുപെട്ടി ആനയൂർ കിഴക്ക് സ്വദേശി അലക്സ് പാണ്ഡ്യനെയാണ് (26) കോടതി ശിക്ഷിച്ചത്. ഇയാൾക്കെതിരേ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിഞ്ഞിരുന്നു. വിചാരണ പൂർത്തിയാക്കിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് ഒരാഴ്ച മുന്പ് കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകക്കുറ്റത്തിന് മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ദേഹോപദ്രവം ഏൽപ്പിച്ചതിന് വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ 4, 3 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യത്തിന് 25 വർഷം കഠിന തടവും 75000 രൂപ പിഴയും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിൽ 20 കൊല്ലം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ഒരു വർഷത്തെ കഠിനതടവും 50, 000 രൂപ പിഴയുമാണ് ശിക്ഷിച്ചത്.
വധശിക്ഷ ഒഴികെ വിധിന്യായത്തിൽ പറയുന്ന ഈ ശിക്ഷകളെല്ലാം ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാൽ മതി. പിഴത്തുകയുടെ പകുതി കുട്ടിയുടെ മാതാവിന് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ നവീൻ എം. ഈശോ ഹാജരായി. പത്തനംതിട്ട പോലീസ് എസ്എച്ച്ഒ ആയിരുന്ന കെ.വി. ബിനീഷ് ലാലാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.