തൃശൂർ: പ്രായപൂർത്തിയാവാത്ത ദളിത് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഇടതുപക്ഷ അധ്യാപക സംഘടനയിൽ അംഗമായ അധ്യാപകനു ജാമ്യം ലഭിക്കാൻ പോലീസും സ്കൂൾ അധികൃതരും ഒത്തുകളിച്ചതായി ഇരയായ പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. പീഡനവിവരം അറിഞ്ഞിട്ടും ഇക്കാര്യം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കാതെ മറച്ചുവച്ചുവെന്നും അവർ പറഞ്ഞു.
വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേയും സ്കൂൾ അധികൃതർക്ക് എതിരേയും നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി അടക്കമുള്ളവർക്കു പരാതി നൽകാനാണ് മാതാപിതാക്കളുടെ നീക്കം. ചേലക്കര സ്കൂളിലെ അധ്യാപകൻ നീളംപള്ളിയാൽ ഗോപകുമാറിനെതിരെയാണ് ആരോപണം.
ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി വാതിലടച്ചശേഷം അധ്യാപകൻ ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടി നൽകിയ മൊഴി. വീട്ടുകാരോടും സുഹൃത്തുക്കളോടുമാണ് വിദ്യാർഥിനി ആദ്യം ഈ വിവരം പറഞ്ഞത്.
തുടർന്നു വീട്ടുകാർ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അടിയന്തര പിടിഎ എക്സിക്യൂട്ടീവ് യോഗം ചേർന്ന് അധ്യാപകനെ മൂന്നുദിവസത്തേക്കു മാറ്റിനിർത്തിയെങ്കിലും സ്കൂൾ അധികൃതർ വിഷയം പോലീസിൽ അറിയിച്ചില്ല.
ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് പോലീസിൽ പരാതിപ്പെട്ടത്. പോക്സോ വകുപ്പുകൾ ചേർത്തു കേസെടുത്തിട്ടും ഒറ്റദിവസം കൊണ്ട് ഗോപകുമാറിനു കോടതി ജാമ്യം അനുവദിച്ചത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഒത്തുകളിമൂലമാണെന്നാണ് വീട്ടുകാരുടെ ആരോപണം. കുട്ടിയുടെ അമ്മ പത്രസമ്മേളനം വിളിച്ചാണ് ആരോപണം ഉന്നയിച്ചത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.