കൊച്ചി: ട്രെയിനിൽ പതിനാറുകാരിക്കുനേരെ അതിക്രമം കാട്ടിയത് ചോദ്യംചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രക്കാരനെയും മർദിച്ച സംഭവത്തിൽ കേസിന്റെ അന്വേഷണ ചുമതല പാലക്കാട് ഡിഎസ്ആർപി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് റെയിൽവേ പോലീസ്) രാധാകൃഷ്ണനു കൈമാറി.
എന്നാൽ കേസ് അന്വേഷണം നടത്തുന്നത് എറണാകുളം സൗത്ത് റെയിൽവേ പോലീസ് തന്നെയായിരിക്കും. നേരത്തെ എറണാകുളം സൗത്ത് ആർപിഎഫ് ഇൻസ്പെക്ടർ ക്രിസ്പിൻ സാമിനായിരുന്നു അന്വേഷണ ചുമതല.
കേസിലെ പ്രതികൾ വടക്കൻ ജില്ലയിൽ നിന്നുള്ളവരായതുകൊണ്ടാണ് അന്വേഷണ ചുമതല പാലക്കാട് ഡിഎസ്ആർപിക്ക് കൈമാറിയത്. ഇനി അറസ്റ്റിലാകാനുള്ള രണ്ടു പ്രതികളും വടക്കൻ ജില്ലയിൽ നിന്നുള്ളവരുമാണ്.
അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാംപ്രതി കുറ്റിക്കാട് പെരിയാടൻ ജോയി ജേക്കബ് (53), മൂന്നാം പ്രതി വെസ്റ്റ് ചാലക്കുടി ഷാ റോഡിൽ ഓടത്തുവീട്ടിൽ (മാധവം) സുരേഷ് മാധവൻ (53), നാലാം പ്രതി മുരിങ്ങൂർ കിൻഫ്ര പാർക്കിനുസമീപം ഇലഞ്ഞിക്കൽ സിജോ ആന്റോ (43) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടർന്ന് മൊബൈൽ സ്വിച്ച് ഓഫ് ആക്കിയ മൂന്നു പ്രതികളുടെയും ബന്ധുക്കളുടെയും തൊഴിലുടമകളുടെയും ഫോണിലേക്കു വന്ന കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്യാനായത്.
പോക്സോ, ട്രെയിനിൽ അടിപിടി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
രണ്ടു പ്രതികൾ കസ്റ്റഡിയിലെന്നു സൂചന
ഇനി പിടിയിലാകാനുള്ള രണ്ടും അഞ്ചും പ്രതികൾ പോലീസ് കസ്റ്റഡിയിലായതായാണ് സൂചന. ചാലക്കുടി സ്വദേശികളായ ഇവരുടെ ഒളിത്താവളം അന്വേഷണ സംഘം കണ്ടെത്തിയതായും സൂചനയുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 7.50നു എറണാകുളം-ഗുരുവായൂർ സ്പെഷൽ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിൻ നോർത്ത് സ്റ്റേഷൻ പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയിൽ തൃശൂർ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് എറണാകുളം സൗത്ത് റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.