പോക്‌സോയ്ക്ക് പകരം പോസ്‌കോ! സിപിഎമ്മിന് വച്ച കെണിയില്‍ പെട്ടത്, കെണി വച്ച, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ; കിട്ടിയ അവസരം മുതലാക്കി ട്രോളന്മാരും

ചാനല്‍ ചര്‍ച്ചകളടക്കമുള്ള വേദിയില്‍ ബിജെപി നേതാക്കള്‍ അബദ്ധ പ്രസ്താവനകള്‍ നടത്തുന്നത് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു തീരുന്നതിന് മുന്നേ തന്നെ, സ്വയം അബദ്ധത്തില്‍ച്ചാടി കുമ്മനം രാജശേഖരന്‍. ബിജെപി നേതാക്കളുടെ അബദ്ധങ്ങള്‍ പരിശോധിക്കുമെന്ന കുമ്മനത്തിന്റെ പ്രസ്താവനയെ എല്ലാവരും സ്വീകരിച്ചെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിനു നേരെ വീണ്ടും ട്രോളുകള്‍ ഉയരുകയാണ്.

എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞ് നോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് സിപിഎം നേതാവ് പിടിയിലായി എന്ന പത്രവാര്‍ത്തയുടെ കട്ടിംഗ് ഉള്‍പ്പെടുത്തിയുളള കുമ്മനത്തിന്റെ ട്വീറ്റാണ് അദ്ദേഹത്തിനു തന്നെ പാരയായത്. ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട കൂടുതല്‍ സഖാക്കള്‍ പുറത്തു വരുന്നു. കേരളത്തിലെ മറ്റൊരു സിപിഎം നേതാവ് കൂടെ ‘പോസ്‌കോ’ നിയമപ്രകാരം അറസ്റ്റിലായി എന്ന ബിജെപി അധ്യക്ഷന്റെ ട്വീറ്റാണ് ചര്‍ച്ചയായത്.

പോക്‌സോ എന്നതിന് പോസ്‌കോ എന്ന് എഴുതിയതോടെ സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തി. Protection of Children from Sexual Offences Act (POCSO) എന്നതാണ് നിയമം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് ഇത്. ഇതിനാണ് കുമ്മനം പോസ്‌കോ എന്ന് തെറ്റിച്ച് ട്വീറ്റ് ചെയ്തത്. തെറ്റ് മനസിലായതോടെ അദ്ദേഹം പോസ്റ്റ് തിരുത്തിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും അദ്ദേഹത്തിനുനേരെ ട്രോളുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

Related posts