പത്തനംതിട്ട: പതിനഞ്ചുകാരിയായ പെൺകുട്ടിക്കു വിവാഹവാഗ്ദാനം നൽകിയശേഷം താലി ചാർത്തുകയും തുടർന്ന് മൂന്നാറിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്ത യുവാവിനെ മലയാലപ്പുഴ പോലീസ് പിടികൂടി. ഇയാൾക്ക് ഒത്താശ ചെയ്തതായി വെളിവായതിനെത്തുടർന്ന് കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു.
ഇലന്തൂർ ഇടപ്പരിയാരം വല്യകാലായിൽ വീട്ടിൽ അമൽ പ്രകാശ് (25), കുട്ടിയുടെ അമ്മ എന്നിവരാണ് പിടിയിലായത്. അമ്മയുടെ അറിവോടും സമ്മതത്തോടുംകൂടിയാണ് യുവാവ്, കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി താലികെട്ടിയതും വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടുപോയതുമെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പോലീസ് കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ വീട്ടിൽനിന്നും കാണാതായത്.മാതാവിന്റെ സഹായത്തോടെ കുട്ടിയെ വീട്ടിൽനിന്നും ഇയാൾ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു.
കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, മാതാവിന്റെ സാന്നിധ്യത്തിൽ കഴുത്തിൽ താലിചാർത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ചശേഷം, അന്ന് വൈകുന്നേരം വീട്ടിൽനിന്നും കുട്ടിയെ മൂന്നാറിലേക്ക് കൊണ്ടുപോയി. യുവാവിന്റെ നിർദേശപ്രകാരം കുട്ടിയേയും കൂട്ടി മൂന്നാറിലേക്ക് പോകാൻ അമ്മയുമുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ മൂന്നാർ ടൗണിനുസമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ മാതാവ് ശുചിമുറിയിൽ പോയ സമയത്ത് അമൽ കുട്ടിയെ ബലാത്സംഗം ചെയ്തതായി പറയുന്നു. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ അന്വേഷണസംഘം, തിങ്കളാഴ്ച രാവിലെ അവിടെയെത്തി മൂവരെയും കണ്ടെത്തി.
തുടർന്ന്, പെൺകുട്ടിയെ കോന്നി നിർഭയ ഹെൻറി ഹോമിലെത്തിച്ചു. വനിതാ എസ്ഐ കെ.ആർ. ഷെമിമോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ അമലിനെതിരേ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
സംരക്ഷണച്ചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്വം നിർവഹിക്കാത്തതിന്റെ പേരിൽ മാതാവിനെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. വൈദ്യപരിശോധന നടത്തിയശേഷം കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
യുവാവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർനടപടികൾ പൂർത്തിയാക്കി.മലയാലപ്പുഴ പോലീസ് ഇൻസ്പെക്ടർ കെ.എസ്. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.