വൈപ്പിൻ: ജില്ലയിലെ ഒരു രാഷ്ട്രീയ നേതാവിനെ കൊല്ലാൻ തമിഴ്നാട്ടിൽ നിന്നു എത്തി യ ക്വട്ടേഷൻ സംഘം ആയുധങ്ങളുമായി മുനന്പം പോലീസിന്റെ പിടിയിലായി.
തമിഴ് സ്റ്റൈലിലുള്ള വാളുകളുമായി മുനന്പത്തെ ഒരു ഹോം സ്റ്റേയിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സംഘത്തിൽ കന്യാകുമാരി, കുളച്ചൽ മേഖലയിലെ ഏഴു പേരും ഇവർക്ക് വഴികാട്ടിയായി പറവൂർ സ്വദേശിയായ ഒരു മലയാളിയും ഉണ്ട്. തമിഴ് നാട്ടിലെ ഒരു ഗ്യാംങ് വാർ ടീമാണെന്നാണ് പോലീസ് കരുതുന്നത്.
പലരും തമിഴ് നാട്ടിൽ ഒന്നിലേറെ കൊലപാതകളിൽ പ്രതികളാണെന്ന് പോലീസിനു അന്വേഷണത്തിൽ മനസിലായിട്ടുണ്ട്. സംഘത്തിലുള്ളവർക്ക് പരസ്പരം അറിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
എന്നാൽ ക്വട്ടേഷൻ നൽകിയ ആൾ ആരെന്ന കാര്യം പോലീസ് ഇതുവരെ വെളിവാക്കിയിട്ടില്ല. ഒരാഴ്ചയോളമായി ഈ സംഘം മുനന്പം ബീച്ചിൽ താമസിച്ചു വരുകയാണത്രേ.
കേരളത്തിലെ ഒരു ബിജെപി നേതാവിനെ വധിക്കാൻ തമിഴ്നാട്ടിൽ നിന്നും ഒരു സംഘം എത്തി തന്പടിച്ചിട്ടുണ്ടെന്ന് ആലുവ റൂറൽ എസ്പിക്ക് ലഭിച്ച ഒരു രഹസ്യ സന്ദേശത്തെ തുടർന്നാണ് മുനന്പം പോലീസ് ബീച്ചിൽ റെയ്ഡ് നടത്തിയതും സംഘം പിടിയിലായതും.
എന്നാൽ ബിജെപി നേതാവല്ല ലക്ഷ്യമെന്നും കേരളത്തിൽ വേരോട്ടമില്ലാത്ത എൻഡിഎയയിൽ പെടുന്ന മറ്റൊരു ദേശീയ പാർട്ടിയുടെ ദേശീയ നേതാവായ ഒരാളെയാണ് വധിക്കാനെത്തിയതെന്ന് സംഘം പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞുവത്രേ.
ഈ സാഹചര്യത്തിൽ പോലീസിനു ലഭിച്ച രഹസ്യ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന പാർട്ടിയുടെ പേരിന്റെ അക്ഷരം മാറിപ്പോയതാണെന്നാണ് പോലീസ് കരുതുന്നത്.
നേരത്തെ ജില്ലയിൽ ഗുണ്ടാ സെറ്റപ്പും, വൻ ക്രിമിനൽ പാശ്ചാത്തലമുണ്ടായിരുന്ന ഇയാൾ ഇടക്കാലത്താണ് രാഷ്ട്രീയത്തിലേക്ക് വന്നതും ദേശീയ നേതാവായതും.
സംഭവമറിഞ്ഞ് എത്തിയ രഹസ്യപോലീസ് വിഭാഗവും, റൂറൽ എസ്പിയുടെ സ്ക്വാഡുമാണ് സംഘത്തെ ചോദ്യം ചെയ്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് സൂചന.