കൊല്ലം: യഥാസമയം ബസുകൾ നൽകാതിരുന്ന ബുക്കിംഗ് ഏജന്റിന് ഉപഭോക്തൃ തർക്ക പരിഹാര കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി കല്ലേലിഭാഗം കൈലാസത്തിൽ ചന്ദ്രശേഖരൻ നായർ മകന്റെ വിവാഹത്തിന് വേണ്ടി പുന്നക്കുളം കൊച്ചുവീട്ടിൽ ബാബു എന്ന സുനിലിനോട് ആറു ബസുകൾ ബുക്ക് ചെയ്തിരുന്നു.
എന്നാൽ വിവാഹദിവസം നാല് ബസുകൾ മാത്രമേ നൽകിയുള്ളുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ചന്ദ്രശേഖരൻ സുനിലിനെ പ്രതിചേർത്ത് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകി. വാദിക്ക് ബുക്കിംഗ് തുകയായ 2000 രൂപ ഉൾപ്പെടെ 56,500 രൂപ നഷ്ടപരിഹാരം പ്രതി നൽകാൻ ഫോറം വിധിച്ചു.
എന്നാൽ നഷ്ടപരിഹാരം പ്രതി മന:പൂർവം നൽകാതിരുന്നതിനെതുടർന്ന് പ്രതിയെ ഒരു മാസം തടവിനും 5000 രൂപ പിഴയും നൽകാൻ ഇ.എം.മുഹമ്മദ് ഇബ്രാഹിം പ്രസിഡന്റും എം.പ്രവീണ്‍കുമാർ അംഗവുമായ ഉപഭോക്തൃതർക്ക പരിഹാര ഫോറം വിധിക്കുകയായിരുന്നു.