കൊച്ചി: വേനൽ തീവ്രതയിലേക്ക് എത്തുംമുന്പേ പൊടിയിൽ കുളിച്ചു ജില്ല. രാവിലെ അതിശൈത്യവും പിന്നീട് കഠിനമായ ചൂടും അനുഭവപ്പെടുന്ന നിലവിലെ കാലാവസ്ഥയിൽ പൊടിശല്യം കൂടി ആകുന്നതോടെ ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്നു. നേരത്തെ പ്രളയാനന്തര പ്രവർത്തനങ്ങൾ നടക്കുന്പോൾ ജില്ലയിൽ പൊടിശല്യം രൂക്ഷമായിരുന്നു. തകർന്നതും വെട്ടിപ്പെളിച്ചതുമായ റോഡുകളിലാണു നിലവിൽ പൊടിശല്യം കൂടുതൽ.
പൊടിപടലത്തിന്റെ കഷ്ടത അധികവും അനുഭവിക്കുന്നതു കാൽനട, ഇരുചക്ര യാത്രികരാണ്. ഗുരുതരമായ അലർജികൾക്കുവരെ കാരണമായേക്കാവുന്ന പൊടിയാണ് ചുറ്റിലും പറന്നുയരുന്നത്. ആധുനികരീതിയിൽ ടാർ ചെയ്ത റോഡുകളിൽവരെ പ്രളയാനന്തരം എണ്ണിയാൽ തീരാത്ത കുഴികൾ രൂപപ്പെട്ടിരുന്നു. ഗ്രാമ പ്രദേശങ്ങളിലെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. മിക്ക ഇടറോഡുകളും തകർന്നു തരിപ്പണമായി കിടക്കുന്നു.
ഇവയിൽ ചിലത് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കിയെങ്കിലും പലയിടങ്ങളിലെയും സ്ഥിതി അതീവശോചനീയമാണ്. ഇവിടങ്ങളിൽനിന്ന് ഉയരുന്ന പൊടിപടലം സമീപവാസികൾക്കും വ്യാപാര സ്ഥാപനങ്ങളിലുള്ളവർക്കും അസഹ്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
പലേടത്തും സ്ഥിതി ഗുരുതരം
ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങളും ആളുകളും കടന്നുപോകുന്നതും ജില്ലയിൽതന്നെ ഏറ്റവും തിരക്കുള്ളതുമായ വൈറ്റിലയിൽ ഉൾപ്പെടെ പൊടിമയമാണ്. മേൽപ്പാലവും മെട്രോ നിർമാണവും നടക്കുന്നതാണു വൈറ്റിലയെ പൊടിയിൽ മുക്കുന്നത്. ഇടയ്ക്കിടെ വെള്ളമൊഴിച്ചു പൊടി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായും വിജയിക്കുന്നില്ല. ഗുരുതരമായ സ്ഥിതിയാണ് ഇവിടെയുള്ളത്.
വൈറ്റിലയ്ക്കടുത്തു കുണ്ടന്നൂരിലും തൊട്ടപ്പുറത്തു മരടിലും പേട്ടയിലുമെല്ലാം ഇതാണു സ്ഥിതി. സൗത്ത് റെയിൽവേ സ്റ്റേഷൻ, കലൂർ-കടവന്ത്ര റോഡ്, നോർത്ത് സെന്റ് ബെനഡിക്റ്റ് റോഡ് എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തകർന്നു തരിപ്പണമായിരുന്ന പാലാരിവട്ടം-കാക്കനാട് സിവിൽ ലൈൻ റോഡ് നിലവിൽ ഗതാഗതയോഗ്യമാണെങ്കിലും പൊടിയില്ലാത്ത സ്ഥലങ്ങൾ വളരെ ചുരുക്കം.
കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡിൽനിന്നുള്ള പൊടിശല്യംമൂലം ദുരിതത്താണ് ഇടക്കൊച്ചി നിവാസികൾ. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവിടെ റോഡ് വെട്ടിപ്പൊളിച്ചത്. ഒരു കിലോമീറ്റർ റോഡ് തകർന്നു തരിപ്പണമായി കിടക്കുന്നു.
ആലുവ, മൂവാറ്റുപുഴ നഗരത്തിൽ പൊടിശല്യം അത്രയില്ലെങ്കിലും കാലടിയിൽ സ്ഥിതി വിഭിന്നമാണ്.
കാലടി ടൗണിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതാണു പൊടിശല്യം രൂക്ഷമാക്കുന്നത്. മൂവാറ്റുപുഴ-കാക്കനാട് റോഡിനെ എണ്ണിയാൽ തീരാത്ത കുഴികൾ പൊടിയിൽ മുക്കുന്നു.