ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടിപടലം രോഗികൾക്കും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. അത്യാഹിത വിഭാഗത്തിനു സമീപം കാർഡിയോളജി വിഭാഗത്തിലേക്ക് പോകുന്ന ഇടനാഴി പൊളിച്ച് പുതിയ ഒപി കൗണ്ടറുകളും വിശ്രമകേന്ദ്രങ്ങളും നിർമിച്ചു വരികയാണ്.
അതുപോലെ ഹൃദ്രോഗ വിഭാഗത്തിനു മുന്നിലൂടെ ശുദ്ധജല പൈപ്പ് സ്ഥാപിക്കാനായി ജെസിബി ഉപയോഗിച്ച് കുഴിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടിപടലമാണ് ഇപ്പോൾ രോഗികളെ വലയ്ക്കുന്നത്. രോഗികളുടെ നിരീക്ഷണ മുറി, ഹൃദ്രോഗികളുടെ കൂട്ടിരിപ്പുകാർ വിശ്രമിക്കുന്ന കേന്ദ്രം എന്നിവയ്ക്കു മുന്നിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്നത്.
പൊടി ശല്യം ഒഴിവാക്കുന്നതിന് പടുത വലിച്ചുകെട്ടുകയോ മറ്റ് ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ് പരാതി.രണ്ടു മാസം മുൻപ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ അത്യാഹിത വിഭാഗം ഡോക്ടർമാർ ഇരിക്കുന്ന മേശയ്ക്കു സമീപം വരെ മഴ വെള്ളം ഒഴുകിയെത്തി.
പൊടിപടലവും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പിന്നീട് ഫ്ളക്സ് ബോർഡ് വച്ച് മറച്ചാണ് പണി നടത്തിയത്. ഇതുപോലെ എന്തെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നത്.