ന്യൂഡൽഹി: ഇന്നലെ രാത്രി ഡൽഹിയിൽ മഴയ്ക്കും ഇടിമിന്നലിനൊപ്പം വീശിയടിച്ച അതിശക്തമായ പൊടിക്കാറ്റിൽ രണ്ടു പേർ മരിച്ചു. 23 പേർക്കു പരിക്കേറ്റിട്ടുണ്ട്. മരങ്ങൾ കടുപുഴകിവീണാണു രണ്ടു പേർക്കു ജീവൻ നഷ്ടമായത്.
ഡൽഹിയിലെ വിവിധ മേഖലകളിൽ നിരവധി കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടർന്ന് രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഉൾപ്പെടെ ഒമ്പത് വിമാനങ്ങൾ ജയ്പുരിലേക്കു തിരിച്ചുവിട്ടു.
മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗതയിലാണു കാറ്റ് വീശിയടിച്ചത്. മരങ്ങൾ കടപുഴകി വീണു പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ദ്വാരകയിൽ ആംബുലൻസ് ഉൾപ്പെടെ രണ്ടു വാഹനങ്ങൾക്കു മുകളിൽ കൂറ്റൻ സൈൻബോർഡ് വീണു മൂന്നു പേർക്കു പരിക്കേറ്റു.
ആംബുലൻസിലുണ്ടായിരുന്നവർക്കും ഓട്ടോ ഡ്രൈവർക്കുമാണു പരിക്കേറ്റത്.പോലീസിനെയും മറ്റു രക്ഷാപ്രവർത്തകരെയും സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതിശക്തമായ പൊടിക്കാറ്റ് വരും ദിവസങ്ങളിലുമുണ്ടാകുമെന്നാണു കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ജനങ്ങൾ വീടിനകത്തുതന്നെ തുടരണം. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു.