കായംകുളം: നവീകരണത്തിനായി മാസങ്ങളായി കുത്തിപൊളിച്ചിട്ട് നാട്ടുകാർക്ക് ദുരിതമായി തീർന്ന റോഡിലെ പൊടിശല്യം അടിയന്തിരമായി ഒഴിവാക്കണമെന്ന കോടതിയുടെ ഇടപെടൽ ഫലം കണ്ടു. 31 ന് മുന്പായി പൊടിപറക്കാത്ത വിധം റോഡ് നിർമാണം പൂർത്തിയാക്കി ഒരു ലെയർ ടാർ ചെയ്തു കായംകുളം മേടമുക്ക് ഫയർ സ്റ്റേഷൻ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്ന കോടതി ഉത്തരവാണ് നിർമാണ കരാർ ഏറ്റെടുത്ത കോണ്ട്രാക്ടർ പാലിച്ചുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തിൽ റോഡ് ഗതാഗത യോഗ്യമാക്കിയത്.
സോഷ്യൽ ഫോറം പ്രസിഡന്റ് ഒ.ഹാരിസ് ഹർജിക്കാരനായും പിഡബ്ലൂഡി അസി.എൻജിനിയർ, റോഡ് കോണ്ട്രാക്ടർ എന്നിവർ എതിർകക്ഷികളായി മേടമുക്ക് റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത കേസിലാണ് കരാറുകാരൻ കോടതിയിൽ ഉറപ്പ് നൽകിയത്. കഴിഞ്ഞ ജനുവരിയിലാണ് നവീകരണത്തിനായി റോഡ് ഇളക്കിയിട്ടത്.
അന്ന് മുതൽ പൊടിപറന്നു പ്രദേശത്തെ ജനജീവിതം ദുസഹമായി. വ്യാപാര സ്ഥാപനങ്ങൾ മാസങ്ങളോളം അടഞ്ഞുകിടന്നത് മൂലം വ്യാപാരികൾക്കും വലിയ നഷ്ടമുണ്ടായി. കൂടാതെ ഗതാഗത തടസം മൂലം യാത്രാക്ലേശം ദുരിതപൂർണമായി . റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്നു ആവശ്യപ്പെട്ട് സോഷ്യൽ ഫോറവും റെസിഡൻസ് അസോസിയേഷനും സമരപരിപാടികൾ ആരംഭിക്കുകയും അതോടൊപ്പം കോടതിയിൽ ഹർജിയും നൽകുകയും ചെയ്തു.
പുതിയിടം മേടമുക്ക് വഴി ഷാഹിദാർ മസ്ജിദ് ദേശീയപാത വരെയുള്ള റോഡ് നവീകരണത്തിന് പൊതുമരാമത്തുവകുപ്പ് നാലര കോടിയോളം രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. ജനസാന്ദ്രതയും വ്യാപാര പ്രമുഖ്യവുമുള്ള പ്രദേശമാണ് ഇവിടം.
നിരവധി വിദ്യഭ്യാസസ്ഥാപനങ്ങളും വിവാഹ മണ്ഡപങ്ങളും ഫയർ സ്റ്റേഷനും ആരാധനാലയങ്ങളും ഈ റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു. നിർമാണ പ്രവർത്തങ്ങൾ മാസങ്ങളോളം നീണ്ടു പോയത് ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിയിരുന്നു. ഏപ്രിൽ ഏഴിന് കേസിൽ ഹർജിക്കാരനും എതിർകക്ഷികളും ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.