പത്തനാപുരം: കനത്ത ചൂടിൽ പൊടിശല്ല്യംകൂടി എത്തിയതോടെ പട്ടാഴി നിവാസികളുടെ ദുരിതം ഇരട്ടിയായി. നിർമാണത്തിലിരിക്കുന്ന മെതുകുമ്മേൽ-കുന്നിക്കോട്-പൊലിക്കോട് മിനി ഹൈവേയിലെ പൊടിശല്യമാണ് നാട്ടുകാരെയും യാത്രക്കാരെയും ഒരേപോലെ വലയ്ക്കുന്നത്.
മെതുകുമ്മേലിൽ തുടങ്ങി പട്ടാഴി മാർക്കറ്റ് ജംഗ്ഷൻവരെ റോഡിൽ മെറ്റലിനൊപ്പം നിരത്തിയ പാറപ്പൊടി വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിസരമാകെ നിറയുന്ന അവസ്ഥയാണ്. പൊടിശല്ല്യത്താൽ പട്ടാഴിയിലെ മിക്ക കച്ചവടക്കാരും വ്യാപാര സ്ഥാപനങ്ങൾ അടച്ചിരിക്കുകയാണ്. കൂടാതെ റോഡരികിൽ താമസിക്കുന്നവരെയും പൊടിശല്യം ഏറെ ബുദ്ധിമുട്ടിക്കുന്നു.
റോഡിൽ വെള്ളം തളിക്കാതെ പാറകയറ്റി ഇടതടവില്ലാതെ അമിതവേഗത്തിൽ പോകുന്ന ടിപ്പർലോറികളാണ് പൊടിശല്യത്തിന് പ്രധാന കാരണം. നിർമാണം നടന്നുവരുന്ന റോഡിൽ എത്രയുംവേഗം ടാറിംഗ് നടത്തി പൊടിശല്യത്തിന് അറുതിവരുത്തണമെന്ന ആവശ്യം ശക്തമാണ്.