തിരുവില്വാമല: മലേശമംഗലത്ത് നാളുകളായി തുരുന്ന കുടിവെള്ളക്ഷാമത്തിനും ജനങ്ങൾക്ക് ഭീഷണിയായി ക്രഷറിൽനിന്ന് അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾ നിയന്ത്രിക്കാത്തതിലും പ്രതിഷേധിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ച നാട്ടുകാർ ഒടുവിൽ സഹികെട്ട് ഇന്നുരാവിലെ ലോറികൾ തടഞ്ഞിട്ടു.
നിരവധി സ്ത്രീകളും കുട്ടികളും റോഡിൽ നിരന്നു നിന്നാണ് ലോറികൾ തടഞ്ഞത്. അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾ മൂലം റോഡരുകിലുള്ള മിക്ക വീടുകളുടെ മതിലും മുറ്റവും വിണ്ടുകീറിയിട്ടുണ്ട്. ചില വീടുകളുടെ ചുമരും വിണ്ടിട്ടുണ്ട്.
പൊടിശല്യം മൂലം നിരവധിയാളുകൾ രോഗികളായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ഈരയിൽ പുതുപറന്പിൽ ലില്ലിക്കുട്ടി സേവ്യറിന്റെ വീട്ടുമുറ്റത്തെ കിണറിനോട് ചേർന്ന മതിൽ ഒരു ഭാഗം കഴിഞ്ഞദിവസം ഇടിഞ്ഞുവീണു.ബൈപാസ് സർജറി കഴിഞ്ഞ ലില്ലിക്കുട്ടിയും ഭർത്താവ് സേവ്യറുമാണ് വീട്ടിൽ താമസിക്കുന്നത്.
സേവ്യറിനും പൊടിശല്യംമൂലം ശ്വാസമുട്ട് അനുഭവപ്പെടുന്നുണ്ട്. വീട്ടിലെ കിണറിൽ വെള്ളമുണ്ടെങ്കിലും പൊടിവീണ് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് അവർ പറഞ്ഞു. സമീപത്തെ കിണറുകളെല്ലാം പൊടിവീണ് മലിനമായി. വീതികുറഞ്ഞ റോഡിലൂടെ സ്കൂൾ വിദ്യാർഥികളും മദ്രസയിലേക്ക് പോകുന്ന കുട്ടികളും ഭയന്നാണ് പോകുന്നത്.
നാട്ടുകാർ പഞ്ചായത്തിലും ആർഡിഒ, കളക്ടർ എന്നിവർക്കും പരാതി നൽകിയിരുന്നെങ്കിലും തങ്ങളുടെ ദുരിതത്തിന് യാതൊരു പരിഹാരവും ആയില്ലെന്ന് നാട്ടുകാർ പറയുന്നു. ഒടുവിൽ സഹിക്കെട്ടാണ് ഇലക്ഷൻബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. കഴിഞ്ഞദിവസം ദീപികയും രാഷ്ട്രദീപികയും വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.