പൂച്ചാക്കൽ: വേനൽ കടുത്തതോടെ പൊട്ടുവെള്ളരിക്ക് പ്രിയമേറി. ചേർത്തലക്കാർക്ക് അന്യമായിരുന്ന പൊട്ടുവെള്ളരി കൃഷിക്കു പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് ഒരു നിയമപാലകൻ.
നിയമപാലകർ സമൂഹത്തിനു മാതൃകയാകണം എന്നതിന് ഉത്തമ ഉദാഹരണമാണ് അരൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ചിറയിൽപാടം വീട്ടിൽ രമണന്റെയും പുഷ്പയുടെയും മകനായ രഞ്ജിത്ത്.
പ്രളയത്തിൽ കൃഷിയിടങ്ങൾ ഉൾപ്പെടെ പലതും ഇല്ലാതാകുകയും കൂടുതൽ ദുരിതം അനുഭവിക്കുകയും ചെയ്ത പള്ളിപ്പുറം പഞ്ചായത്തിൽ കാർഷിക അഭിവൃദ്ധി തിരികെ കൊണ്ടുവരാനുള്ള പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെ പരിശ്രമങ്ങൾക്കു കൂട്ടാകുകയാണ് ഈ ചെറുപ്പക്കാരൻ.
വേനലിൽ ദാഹവും തളർച്ചയും ഉണ്ടാകാതിരിക്കാൻ പ്രകൃതിയുടെ അദ്ഭുത കനിയെന്ന വിശേഷണവും പൊട്ടുവെള്ളരിക്കുണ്ട്. പൊട്ടുവെള്ളരി കൊടുങ്ങല്ലൂരാണ് പ്രധാനമായും കൃഷി ചെയ്തു പോന്നിരുന്നത്.
വേനലിന്റെ ആരംഭത്തിൽ വെള്ളമൊഴിഞ്ഞ പാടശേഖരങ്ങളിലാണ് പൊട്ടുവെള്ളരി വ്യാപകമായി കൃഷി ചെയ്യുന്നത്.
ഒരു കിലോ മുതൽ ആറുകിലോ വരെ തൂക്കം വരുന്ന വെള്ളരി ഉണ്ടാകാറുണ്ട്. അറുപതിനായിരം രൂപയോളം മുടക്കിയാണ് കൃഷി ചെയ്തിരിക്കുന്നത്.
ആദ്യം ഇറക്കിയ കൃഷി മുഴുവനും വേനൽമഴയിൽ നശിച്ചുപോയെങ്കിലും നിരാശനാകാതെ വീണ്ടും കൃഷി ചെയ്തു. വെള്ളരി കൂടാതെ കുക്കുന്പർ, പയർ, വെണ്ട തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
ഡ്യൂട്ടി കഴിഞ്ഞ് ബാക്കി സമയങ്ങളിൽ കൃഷിയെ സ്നേഹിക്കുന്ന ഈ നിയമപാലകൻ സഹപ്രവർത്തകർക്കും മാതൃകയാണ്. കൃഷിയിൽ സഹായിക്കാൻ ഭാര്യ കൃഷ്ണയും ഒപ്പമുണ്ട്.
നാലാം വാർഡിലെ ആത്മ സൗഹൃദയ എഫ്ഐജി മെംബ റായ രഞ്ജിത്ത് സുഹൃത്തുക്കൾ ഒന്നിച്ച് മത്സ്യക്കൃഷിയും വിപുലമായി ചെയ്യുന്നുണ്ട്.
കഴിഞ്ഞ സീസണിൽ പാടത്ത് ചെയ്ത കൃഷിയിലൂടെ മുപ്പതിനായിരത്തോളം രൂപ അധിക വരുമാനം നേടി പൂർണമായും ജൈവകൃഷി ചെയ്യുന്ന രഞ്ജിത്ത് ഉത്പന്നങ്ങൾ സുഹൃത്തുക്കൾക്ക് കൊടുക്കുവാനും മടിക്കാറില്ല.
കാർഷിക കുടുംബത്തിൽ ജനിച്ച രഞ്ജിത്ത് പണ്ടുമുതലേ കൃഷിയോട് താത്പര്യമായിരുന്നു.
തിരക്കുപിടിച്ച ഒൗദ്യോഗിക ജീവിതത്തിനിടയിൽ കൃഷി നൽക്കുന്ന ശാന്തിയും സമാധാനവും മാത്രമാണ് ആഗ്രഹിക്കുന്നതെന്നും രഞ്ജിത്ത് പറയുന്നു.