ബോബൻ ബി കിഴക്കേത്തറ
ആലുവ: ‘ആലുവ മണപ്പുറത്ത് ആരുടെയോ കൈയിൽ ആ തുകയുണ്ട്’. കോളജ് അധ്യാപികയായ അംബിക ഗോപാലകൃഷ്ണൻ പറയുന്നു. ഉറക്കമൊഴിഞ്ഞും പൊരിവെയിലേറ്റും മൺപാത്രങ്ങൾ വിറ്റുണ്ടാക്കിയ 17000 രൂപയാണ് ഉച്ചയുറക്കത്തിനിടെ അംബികയ്ക്കു നഷ്ടമായത്. ക്ഷേത്രാങ്കണത്തിലെ ഇലഞ്ഞിമരച്ചോട്ടിലെ ഉച്ചമയക്കത്തിനിടയിലാണ് ചോരനീരാക്കിയുണ്ടാക്കിയ നോട്ടുകൾ അടങ്ങിയ പൊതി മോഷണം പോയത്.
മാറമ്പള്ളി അമ്പലപ്പറമ്പിൽ അംബിക ഭർത്താവ് ഗോപാലകൃഷ്ണനൊപ്പം ശിവരാത്രി ദിനമായ തിങ്കളാഴ്ചയാണ് മൺകലങ്ങൾ വിൽക്കാൻ മണപ്പുറത്തെത്തിയത്. രണ്ടു ദിവസത്തെ ഉറക്കത്തിന് കടം പറയേണ്ടായെന്നു കരുതിയാണ് ഇന്നലെ ഉച്ചയ്ക്ക് അതുവരെ ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കി ചെറിയ പേഴ്സിൽ കൈയിലെടുത്തത്. ഉറങ്ങിയെഴുന്നേറ്റപ്പോൾ പഴ്സിന്റെ സിബ് തുറന്ന നിലയിലായിരുന്നു.
മണപ്പുറത്തെ പോലീസ് കൺട്രോൾ റൂമിൽ പരാതി നൽകിയെങ്കിലും തുക കണ്ടെത്താനായില്ല. പോലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിലും സൂചനകൾ ലഭിച്ചില്ല. മാത്രമല്ല കിടന്നുറങ്ങിയ സ്ഥലം നിരീക്ഷണ കാമറയുടെ പരിധിയിൽ വരുന്നതുമില്ല. അംബിക ഭർത്താവിനൊപ്പം ഇത്തവണ വിൽപ്പനയ്ക്ക് വന്നതിന് രണ്ട് ലക്ഷ്യങ്ങൾ കൂടിയുണ്ടായിരുന്നു. തന്റെ ഡോക്ടറേറ്റ് പഠനത്തിനായി സമുദായംഗങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുക.
അതോടൊപ്പം പഠനത്തിന് വേണ്ട തുകയും കണ്ടെത്തുക. അംബികയ്ക്ക് മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമുണ്ട്. പാലക്കാട് നെന്മാറ എൻഎസ്എസ് കോളജിൽ മലയാള ഭാഷാധ്യാപികയായിരിന്നു. തൃശൂർ കോന്നിയൂർ സ്വദേശിയായ അംബിക ഡോക്ടറേറ്റ് എടുക്കാനായി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളജിൽ ഗവേഷണം നടത്തുകയാണ്.
വേളാർ സമുദായത്തിന്റെ ലിപിയില്ലാത്ത ഭാഷയെക്കുറിച്ചും ജീവിതക്രമത്തെ കുറിച്ചും കൂടുതൽ അറിയാൻ കൂടിയാണ് അംബിക എത്തിയത്. മൺകലങ്ങളും പാത്രങ്ങളും വിൽക്കാനായി ജില്ലയുടെ പലഭാഗത്തുനിന്നും വേളാർ സമുദായത്തിൽപ്പെട്ട കുടുംബങ്ങൾ എത്തിച്ചേരും. സംസ്കാരവും സാംസ്ക്കാരിക ഉന്നതിയും എന്ന ഗവേഷണ വിഷയത്തിൽ അവ ഏറെ ഗുണം ചെയ്യും.
അതിനാലാണ് ഒന്നര വയസുള്ള മകനെ അമ്മയെ ഏൽപ്പിച്ച് ആലുവ മണപ്പുറത്തേക്ക് വന്നത്. ഫെല്ലോഷിപ്പ് കിട്ടുന്നതുവരെ ഒരു വരുമാനവും കൂടി പ്രതീക്ഷിച്ചാണ് പൊള്ളുന്ന വെയിലിൽ അംബികയും എത്തിയത്. അതിനായി കടം വാങ്ങിയ തുകകൊണ്ട് വിവിധ സ്ഥലങ്ങളിൽ നിന്നായി മൺപാത്രങ്ങൾ വാങ്ങുകയായിരുന്നു.
തുക കൈമോശം വന്നെങ്കിലും അംബിക തളരാൻ തയാറല്ല. ഇനിയുള്ള ഒരാഴ്ച മൺപാത്ര വിൽപ്പനയും ഗവേഷണവും ഒരേ പോലെ കൊണ്ടുപോകും. ലാഭം നഷ്ടമായെങ്കിലും കടം തിരിച്ചടയ്ക്കാൻ ബാക്കി മൺകലങ്ങൾ കൂടി വിൽക്കാതെ മടങ്ങാനാവില്ല അംബികയ്ക്ക്. പക്ഷെ ഗവേഷണം നടത്തി വിപുലവും ആധികാരികവുമായ വിവരങ്ങൾ പകർത്തിയായിരിക്കും അംബിക മടങ്ങുക.