പാരീസ്: ഫിഫ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ മധ്യനിരതാരം പോള്‍ പോഗ്ബ ഫൈനലില്‍ ധരിച്ച ബൂട്ട് വിറ്റു. 30000 യൂറോയ്ക്കാണ് പോഗ്ബ ലോകകപ്പ് ഫൈനലില്‍ ധരിച്ച ബൂട്ട് വിറ്റുപോയത്. 2018ലെ റഷ്യ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് 4-2നാണ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്.
ഇതിലെ മൂന്നാമത്തെ ഗോള്‍ മധ്യനിരതാരത്തിന്റേതായിരുന്നു. ജീവിതസാഹചര്യങ്ങള്‍ മോശമായ ഹൈസ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു ഫ്രഞ്ച് ചാരിറ്റി സംഘടനയ്ക്കാണ് ഈ ബൂട്ട് താരം സംഭാവന നല്‍കിയത്.
പാരീസിലെ പ്രാന്തപ്രദേശങ്ങളില്‍നിന്ന് വന്ന പോഗ്ബ യൂറോ 2016ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഐസ് ലന്‍ഡിനെതിരേ ജയിച്ച മത്സരത്തില്‍ ഇട്ട ജഴ്സിയും സംഭാവന നല്കി. 4000 യൂറോയ്ക്കാണ് ജഴ്സി വിറ്റുപോയത്. 2017 ലോകകപ്പ് യോഗ്യത മത്സരത്തില്‍ താരം ഹോളണ്ടിനെതിരേ ധരിച്ച ജഴ്സി 3000 യൂറോയ്ക്കാണ് വിറ്റത്.
ദേശീയ കുപ്പായങ്ങള്‍ക്ക് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വില ലഭിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ജഴ്സിയുടെ വില കുറവായിരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡിനെതിരേ ഇട്ട ജഴ്സിക്ക് വെറും 400 യൂറോയെ ലഭിച്ചുള്ളൂ.