കൃത്യനിഷ്ഠ ഇല്ലാത്തതും ആരോഗ്യത്തിന് നല്ലതല്ലാത്തതുമായ ആഹാരശീലവും അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതിയുമാണ് മലബന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം. മിക്കവാറും എല്ലാ ആഹാര പദാർഥങ്ങളിലും പ്രകൃതിദത്തമായി തന്നെ കുറേ നാരുകൾ അടങ്ങിയിട്ടുണ്ടായിരിക്കും.
ആഹാര പചന പ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനും കുടലുകളുടെ ചലനം ഭംഗിയായി നടക്കുന്നതിനും ഈ നാരുകൾ വഹിക്കുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. ഇന്ന് പല ആഹാരങ്ങളിലും ഈ നാരുകൾ ഇല്ല എന്നതാണ് സത്യം. വളരെയേറെ പേരിൽ മലബന്ധം കാണുന്നതിനുള്ള പ്രധാന കാരണവും അതാണ്.
ചില മരുന്നുകൾ…
പ്രായം കൂടുന്നത്, കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നത്, മാനസികമായി ഉണ്ടാകുന്ന തളർച്ച, വൈകാരിക പ്രശ്നങ്ങൾ, ചില മരുന്നുകളുടെ ദൂഷ്യ ഫലങ്ങൾ, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവ മലബന്ധം ഉണ്ടാകുന്നതിനുള്ള വേറെ കാരണങ്ങളാണ്.
രോഗമല്ല, രോഗലക്ഷണമാണ്
മലബന്ധം എന്നത് ഒരു രോഗമല്ല. അത് ഒരു രോഗലക്ഷണമാണ്. ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ, വൻകുടലിലുണ്ടാകുന്ന കാൻസർ എന്നിവയുടെ അറിയിപ്പ് ആയും മലബന്ധം ഉണ്ടാകാറുണ്ട്.
കടുപ്പം കൂടിയ ചായയും കാപ്പിയും…
എണ്ണ കൂടിയ അളവിൽ ചേർത്ത ആഹാരങ്ങൾ, ജീവകങ്ങളും ധാതുക്കളും തീരെ കുറഞ്ഞ അളവിലുള്ള ആഹാരങ്ങൾ, കുറച്ചുമാത്രം വെള്ളം കുടിക്കുക, മാംസാഹാരങ്ങൾ കൂടുതൽ കഴിക്കുന്നത്, കടുപ്പം കൂടിയ ചായയും കാപ്പിയും കൂടുതൽ കുടിക്കുന്നത്, ആഹാരം ചവച്ച് കഴിക്കാതിരിക്കുക, അമിതാഹാരം, കൃത്യനിഷ്ഠ ഇല്ലാത്ത ആഹാര ശീലം എന്നിവ
മലബന്ധം ഉണ്ടാകുന്നതിന് കാരണമാകാവുന്നതാണ്.
ചില അസാധാരണ കാരണങ്ങൾ
മുഴകൾ, കരളിന്റെ വീക്കം, കുടലുകളിൽ വരുന്ന നീർക്കെട്ട്, കുടലുകളിൽ സംഭവിക്കുന്ന വലിഞ്ഞുമുറുക്കം, പുളിച്ച് തികട്ടൽ, മലാശയത്തിലുണ്ടാകുന്ന രോഗങ്ങൾ, പല്ലുകളിൽഉണ്ടാകുന്ന രോഗങ്ങൾ, ഗർഭാശയ രോഗങ്ങൾ, പ്രമേഹം,മറ്റുള്ള രോഗങ്ങൾക്ക് കഴിക്കുന്ന ചില മരുന്നുകൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന നീർക്കെട്ട് എന്നിവ മലബന്ധം ഉണ്ടാകുന്നതിന് വ്യക്തമായ കാരണങ്ങളാണ്.
വറുത്തതും പൊരിച്ചതും…
നേരിയ തോതിലുള്ള മലബന്ധത്തിന് വലിയ ചികിത്സയുടെ ആവശ്യം വരികയില്ല.ഫലപ്രദവും എളുപ്പവുമായ ആഹാരശീലം പാലിക്കുന്നതു മലബന്ധത്തിന് പരിഹാരം കാണാൻ സഹായിക്കും. ആഹാരങ്ങളിൽ വറുത്തതും പൊരിച്ചതും വേണ്ടെന്നു വയ്ക്കുകയാണു നല്ലത്.
രാവിലെ വെറുംവയറ്റിൽ…
തവിട് കളയാത്ത ധാന്യങ്ങൾ, തവിട്, തേൻ, ശർക്കര, പച്ച നിറമുള്ള പച്ചക്കറികൾ, ഇലക്കറികൾ, പടവലങ്ങ, തക്കാളി, ബീൻസ്, ഉള്ളി, കാബേജ്, കോളിഫ്ലവർ, പഴങ്ങൾ, മുന്തിരങ്ങ, പപ്പായ, മാമ്പഴം എന്നിവ കൂടുതൽ കഴിക്കാൻ ശ്രമിക്കുന്നതു നല്ലതാണ്.
മലബന്ധം കുറയ്ക്കുന്നതിനു വ്യായാമം ചികിത്സയുടെ ഭാഗമാണ്. ദിവസം കുറഞ്ഞത് 10 ഗ്ളാസ് വെള്ളം കുടിക്കണം. രാവിലെ വെറും വയറ്റിൽ ഒരു ഗ്ളാസ് ചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്തു കഴിക്കുന്നത് നല്ലതാണ്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393