പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാന്പിലെ പോലീസുകാരൻ കുമാറിന്റെ മരണത്തിൽ കൊലപാതകത്തിന് കേസെടുക്കണമെന്ന് ഭാര്യ സജിനി. ഇപ്പോൾ ആത്മഹത്യ എന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇതിലെ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ക്യാന്പിലെ മുൻ ഡെപ്യൂട്ടി കമാൻഡന്റ് എസ്. സുരേന്ദ്രനെ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
കേസിന്റെ ഇപ്പോഴത്തെ അന്വേഷണപുരോഗതിയിൽ തൃപ്തിയുണ്ടെങ്കിലും കുമാറിനെ മുതിർന്ന ഉദ്യോഗസ്ഥർ മർദിക്കുകയും മാനസിക പീഢനങ്ങൾ ഏൽപ്പിക്കുകയും ചെയ്തെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കൊലപാതകകുറ്റം ഇവർക്കെതിരെ ചുമത്തണം.
ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്നും സജിനി പറഞ്ഞു. ഇതുവരെ എട്ടുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവരേയും ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
ഇന്നലെ ഉച്ചയോടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത മുൻ ഡെപ്യൂട്ടി കമാൻഡന്റ് സുരേന്ദ്രനെ പതിനാലു ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. രണ്ടുമാസം മുന്പാണ് കല്ലേക്കാട് എആർ ക്യാന്പിലെ പോലീസുകാരൻ കുമാറിനെ ഒറ്റപ്പാലം ലക്കിടിയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്.