നാദാപുരം: അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ പാലം പണി കഴിഞ്ഞ് വർഷങ്ങളായിട്ടും വിലങ്ങാട് താനിയുള്ളപൊയിൽ പാലം നോക്കുകുത്തിയായി. ബിനോയ് വിശ്വം മന്ത്രിയായിരിക്കെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അന്പത് ലക്ഷം രൂപയോളം ചെലവിൽ വാണിമേൽ പുഴയ്ക്കു കുറുകെയാണ് പാലം പണിതത്.
വാണിമേൽ – നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരു പഞ്ചായത്തുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാലത്തിന്റെ വാണിമേൽ ഭാഗത്ത് അപ്രോച്ച് റോഡില്ലാതെയാണ് പാലം പണിതത്. പാലം മുതൽ പുഴയുടെ വശത്തൂടെ വാളൂക്ക് റോഡിലേക്ക് നാനൂറ് മീറ്റർ റോഡ് നിർമിക്കേണ്ടതുണ്ട്. എന്നാൽ നിർമാണം പൂർത്തിയായി എട്ട് വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമിക്കാൻ കഴിഞ്ഞിട്ടില്ല.
ചെറുവാഹനങ്ങൾ കടന്നുപോകാൻ പാകത്തിലാണ് പാലം നിർമിച്ചത്. വിലങ്ങാട് ഉരുൾപൊട്ടലിൽ മൂന് പാലങ്ങളാണ് തകർന്നത്. ഉരുട്ടി പാലം തകർന്നതോടെ വിലങ്ങാട് ഒറ്റപ്പെട്ട് കിടക്കുകയാണ്.നേരത്തെ താനിയുള്ളപൊയിൽ പാലത്തിന്റെ അപ്രോച്ച് റോഡ് പണി പൂർത്തീകരിച്ചിരുന്നെങ്കിൽ മലയോര വാസികളുടെ യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാവുമായിരുന്നു.
ഉരുട്ടി പാലം തകർന്നതോടെ വിലങ്ങാട് ടൗണിലെ പെട്രോൾ പമ്പിന് സമീപത്തുമുള്ള ചെറുപാലം വഴിയാണ് നിത്യോപയോഗ സാധനങ്ങൾ ടൗണിലെത്തുന്നത്. തഫണ്ടിന്റെ അപര്യാപ്തയെ തുടർന്ന് ാനിയുള്ള പൊയിൽ പാലം പുഴയ്ക്ക് വീതി കുറഞ്ഞ ഭാഗത്ത് നിർമിക്കുകയായിരുന്നു. ഇതാണ് അപ്രോച്ച് റോഡ് നിർമാണത്തെ ബാധിച്ചതത്രേ.