ആലപ്പുഴ: ജില്ലയിലെ സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് ആരംഭിച്ച ഓപ്പറേഷൻ തണ്ടർ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണം. പദ്ധതി സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ് ആദ്യദിവസം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 37 രഹസ്യവിവരങ്ങളാണ് ജില്ലാ പോലീസ് മേധാവിക്കടക്കം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പരാതികളിൽ 16 എണ്ണത്തിനു രഹസ്യാന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒന്പതുപേരുടെ പ്രവർത്തനങ്ങൾ നിരന്തരമായി നിരീക്ഷിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. പൊതുജന താത്പര്യം കണക്കിലെടുത്ത് പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 9497910100 എന്ന വാട്സ് ആപ്പ് നന്പരും പോലീസ് തയാറാക്കിയിട്ടുണ്ട്.
കുറ്റവാളികളുടെ ഫോട്ടോയോ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മറ്റുവിവരങ്ങളോ ഇതിലേക്ക് നൽകാവുന്നതാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്ക് അനധികൃത നിലം നികത്തൽ, മണൽ കടത്ത്, ചീട്ടുകളി, പൊതുസ്ഥലങ്ങളിലെ മദ്യപാനം, മയക്കുമരുന്ന് വിതരണം, ഉപയോഗം, എന്നിവ സംബന്ധിച്ച പരാതികൾ ഫോട്ടോ ഉൾപ്പെടെ ഈ നന്പരിലേക്ക് നൽകാം. സന്ദേശങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പോലീസ് രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.