തലശേരി: പൊയിലൂരിൽ ക്വാറിക്കെതിരെ നാട്ടുകാർ നടത്തുന്ന സമരം കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുന്നു. കൊളവല്ലൂർ കല്ലുവളപ്പിൽ ക്വാറിയിൽ നിർത്തിയിട്ടിരുന്ന ഹിറ്റാച്ചി മണ്ണുമാന്തി യന്ത്രം കത്തിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.
കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വഷണം നടത്തി. പൊയിലൂർ വെങ്ങത്തോടിൽ പുതുതായി ആരംഭിച്ച ക്വാറിക്കെതിരെ നടക്കുന്ന സമരത്തിന്റെ തുടർച്ചയാണ് മണ്ണു മാന്തി യന്ത്രം കത്തിക്കലെന്ന നിഗമനത്തിലാണ് പോലീസ്.
വെങ്ങത്തോടിലെ ക്വാറിക്കെതിരെ നാട്ടുകാർ കഴിഞ്ഞ മാസം 18 മുതൽ നടത്തി വരുന്ന സമരം ഇന്നലെ വീണ്ടും സംഘർഷത്തിൽ കലാശിച്ചിരുന്നു.
സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്ന ഇന്നലെ ഹിറ്റാച്ചി ഉൾപ്പടെയുള്ള വാഹനങ്ങളുമായി ക്വാറിയിലേക്ക് കടക്കാനുള്ള നീക്കം സമരക്കാർ റോഡിൽ കുത്തിയിരുന്ന് തടഞ്ഞു.
മാർഗതടസം സൃഷ്ടിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലച്ചു.
സ്ത്രീകൾ ഉൾപ്പെടെ നൂറു പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. പോലീസ് നടപടിക്കിടെ ക്വാറി സമരം റിപ്പോർട്ടു ചെയ്യാനെത്തിയ ഓൺലൈൻ മാധ്യമ പ്രവർത്തക സുകന്യ ഉൾപ്പടെ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ക്വാറി നടത്താൻ ഉടമ ഹൈക്കോടതിയിൽ നിന്ന് അനുമതിപത്രം വാങ്ങിയിരുന്നു. ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കുമെന്ന നിലപാടിലായിരുന്നു പോലീസ്.