ചെന്നൈ: തമിഴ്നാട്ടിൽ ഇതു പ്രളയങ്ങളുടെ കാലമാണ്. ദിവസങ്ങളോളമാണു ചെന്നൈ നഗരമുൾപ്പെടെ വെള്ളത്തിൽ മുങ്ങിക്കിടന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ദുരിതമാണു പ്രളയം സൃഷ്ടിച്ചത്. വെള്ളം ഇറങ്ങിപ്പോയെങ്കിലും ഇവിടെ ദുരിതം തീരുന്നില്ല. പ്രളയത്തോടൊപ്പമെത്തിയ നൂറുകണക്കിനു വിഷജീവികൾ ആളുകളുടെ ഉറക്കംകെടുത്തുന്നു.
ചെന്നൈ ബീച്ചിലും പരിസരത്തുമായിട്ടാണു നീല ബട്ടണുകളും ബ്ലൂ സീ ഡ്രാഗണുകളും ഉൾപ്പെടെയുള്ള വിഷമുള്ള സമുദ്രജീവികളെ കണ്ടത്. പ്രദേശത്തെ താമസക്കാരനും എൻവയോൺമെന്റലിസ്റ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സജീവ അംഗവുമായ ശ്രീവത്സൻ രാംകുമാർ ഈ കടൽജീവികളുടെ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയിയിൽ വിവരം പങ്കുവച്ചു.
ഇവ വിഷമുള്ള ജീവികളാണെന്നു തിരിച്ചറിഞ്ഞതോടെ ബീച്ചിലെത്തുന്ന സഞ്ചാരികൾക്കു സുരക്ഷാ മുന്നറിയിപ്പും നൽകി.
നീല ഡ്രാഗണുകളുടെ കുത്തേൽക്കുന്നത് കുട്ടികളിലും പ്രായമാവരിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു വിദഗ്ധർ പറയുന്നു. ഇവയുടെ കുത്തേറ്റാൽ കഠിനമായവേദനയ്ക്കു പുറമെ ഛർദ്ദി, തലകറക്കം, ശരീരത്തിൽ നിറവ്യത്യാസം എന്നിവയ്ക്കും സാധ്യതയുണ്ട്.
അതിനാൽ ഇവയെ കണ്ടാലും തൊടരുത്. തീരത്തെ ചൂടിൽ അധികകാലം കഴിയാൻ സാധിക്കാത്തതിനാൽ ഇവ വെള്ളത്തിലേക്കുതന്നെ മടങ്ങുമെന്നാണു പ്രതീക്ഷ.