വടക്കാഞ്ചേരി: മാരകമായ വിഷം പുല്ലിന് അടിച്ചതിനെത്തുടർന്ന് വിഷം അകത്തുചെന്ന് രണ്ടു പശുക്കൾ തളർന്നുവീണു.പുല്ലാനിക്കാട് നിന്നു മംഗലം പാടശേഖരത്തേക്കുള്ള വഴിയിലും, വടക്കാഞ്ചേരി പുഴയുടെ തീരത്തുമാണ്, സമീപവാസി വ്യാപകമായ രീതിയിൽ പുല്ലിൽ മാരകവിഷം അടിച്ചത്.
പുഴയ്ക്കു സമീപമുള്ള മറ്റു മൂന്നു സ്വകാര്യവ്യക്തികളുടെ പറന്പിലും വിഷമടിച്ചിട്ടുണ്ട്. പശുക്കൾ തളർന്നു വീണതിനെത്തുടർന്ന് ഉടമ വിവരമറിയിച്ചയുടനെ വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി പശുവിനെ പരിശോധിച്ചപ്പോഴാണ് വിഷം അകത്തുചെന്നതാണു തളർച്ചയ്ക്ക് കാരണമെന്നു മനസിലായത്.
തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിൽ സമീപ പ്രദേശങ്ങളിലെല്ലാം പുല്ലിനു വിഷം അടിച്ചതായി കണ്ടെത്തുകയായിരുന്നു.
തളർന്നുവീണ പശുക്കൾക്കു ഡ്രിപ്പ് കൊടുത്ത് മരുന്നുകൾ നൽകിയിട്ടുണ്ടെങ്കിലും, പുല്ലിനടിച്ചത് മാരകമായ വിഷമായതിനാൽ, പശുവിന്റെ കുടലിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഡോ ക്ടർമാർ പറഞ്ഞു.
മംഗലം തൈക്കാടൻ വീട്ടിൽ സണ്ണിയുടെ 10 ലിറ്റർ പാല് കിട്ടുന്ന രണ്ടു പശുക്കളാണ് വിഷം അകത്തുചെന്ന് അവശതയിലായത്. മണ്ണുവരെ നശിച്ചുപോകുന്ന മാരക വിഷമാണ് അടിച്ചിരിക്കുന്നതെന്നാണ് കർഷകർ പറയുന്നത്.
മഴക്കാലമായതിനാൽ വടക്കാഞ്ചേരി പുഴയിലേക്കും വിഷം കലർന്ന വെള്ളമാണ് ഒഴുകി ഇറങ്ങുന്നത്. ഗുരുതരമായ വിഷ പ്രയോഗത്തിനെതിരെ വടക്കാഞ്ചേരി പോലീസിലും നഗരസഭ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.