ചണ്ഡീഗഢ്: ഹരിയാനയിൽ മൂന്നു മക്കളെ അച്ഛൻ വിഷം കൊടുത്ത് കൊലപ്പെടുത്തി. വിഷം ഉള്ളിൽച്ചെന്ന ഒരു കുട്ടിയുടെ നില ഗുരുതരം. റോഹ്തക് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കാബൂൾപുർ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനിൽ കുമാർ ആണ് തന്റെ നാലു മക്കൾക്ക് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയത്. ഇതിൽ മൂന്നു കുട്ടികൾ മരിച്ചു.
ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് സുനിൽ കുമാർ മക്കൾക്കു വിഷം നൽകിയതെന്ന് പോലീസ് പറഞ്ഞു. പത്തും ഏഴും വയസുള്ള രണ്ട് സഹോദരിമാരും അവരുടെ ഒരു വയസുള്ള സഹോദരനുമാണ് മരിച്ചത്.
എട്ട് വയസുകാരിയായ മകൾ റോഹ്തക്കിലെ പിജിഐഎംഎസിൽ ഐസിയുവിൽ ചികിത്സയിലാണ്. സുനിൽകുമാർ എന്തിനാണ് മക്കൾക്ക് വിഷം കൊടുത്തതെന്നു വ്യക്തമായിട്ടില്ല. പ്രതി ഒളിവിലാണെന്നും ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.