എരുമേലി/ ഗാന്ധിനഗർ : വനത്തിലെ കൂണ് പാകം ചെയ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നാലു പേരെ അർധ രാത്രിയിൽ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി കനകപ്പാലം പോട്ടയിൽ വീട്ടിൽ വിജയൻ മകൻ വൈശാഖ് (23) കനകപ്പലം പോട്ടയിൽ രാജന്റെ മകൻ ജിനു രാജ് (24), ഏരുമേലി കനകപ്പലം ചുണ്ടില്ലാമറ്റം കുമാറിന്റെ ഭാര്യ സുനിത (45) മകൻ വിനീത് കുമാർ (24) എന്നിവരാണു മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്.
സുനിതയെ മൂന്നാം വാർഡിലും മറ്റുള്ളവരെ രണ്ടാം വാർഡിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്.അടിയന്തര ചികിത്സ ലഭിച്ചതിനെ തുടർന്ന് ഇവർ ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാത്രിയിൽ എരുമേലിയിലാണ് സംഭവം.
എരുമേലിക്കടുത്ത് കനകപ്പലം – കരിന്പിൻതോട് വനത്തിലെ കൂണ് പറിച്ച് ഇന്നലെ വൈകുന്നേരമാണു പാകം ചെയ്തു കഴിച്ചത്. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. അയൽവാസികൾ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭ്യമായില്ലെന്ന് പരാതിയുണ്ട്.
തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം കോട്ടയത്ത് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ കഴിച്ചത് വിഷമുള്ള കൂണ് ആയിരുന്നെന്നു സംശയമുണ്ട്. അതേസമയം കൂണ് പാകം ചെയ്ത് കഴിച്ച മറ്റ് ചിലർക്ക് രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. കൂണുകളിൽ വിഷമുള്ളവ ഉണ്ടായിരിക്കാമെന്നാണ് സംശയം. രോഗികൾ അപകടനില തരണം ചെയ്തെന്നു ഡോക്്ടർമാർ പറഞ്ഞു.