ഗാന്ധിനഗര്‍: രശ്മിക്ക് ഭൂമിയിലെ മാലാഖമാര്‍ കണ്ണീരോടെ വിട ചൊല്ലി. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയവേ മരിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജിന് (32) സഹപ്രവര്‍ത്തകരുടെ കണ്ണീരിൽ കുതിര്‍ന്ന യാത്രാമൊഴി.
ഇന്നലെ ഉച്ചയ്ക്ക് സൂപ്രണ്ട് ഓഫീസിനു സമീപം പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സഹപ്രവര്‍ത്തകര്‍ കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചു.
തിങ്കളാഴ്ച രാത്രി ഏഴിനാണ് രശ്മി മരണപ്പെട്ടത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ഒമ്പതിന് പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികൾക്കുശേഷം ഉച്ചയ്ക്ക് 12.30 ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങി.
തുടര്‍ന്ന് സൂപ്രണ്ട് ഓഫീസിന് മുന്‍വശത്തു പൊതുദര്‍ശനത്തിനു വച്ചു. കോളജ് വൈസ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്. രതീഷ്കുമാര്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. ലിജോ മാത്യു, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, വിവിധ വിഭാഗങ്ങളിലെ വകുപ്പ് മേധാവികള്‍, നഴ്സിംഗ് ഓഫീസര്‍മാര്‍, നഴ്സസുമാര്‍, വിവിധ വിഭാഗങ്ങളിളെ ജീവനക്കാര്‍ വിവിധ സര്‍വീസ് സംഘടനാ ഭാരവാഹികള്‍ തുടങ്ങി നൂറുകണക്കിന് ജീവനക്കാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
രശ്മിയോടൊപ്പം പ്രവര്‍ത്തിച്ച നഴ്സുമാര്‍ ആദാരഞ്ജലികള്‍ അര്‍പ്പിച്ചപ്പോള്‍ കണ്ണീര്‍വാര്‍ത്തു. പലര്‍ക്കും ദുഃഖം സഹിക്കാനായില്ല. ഇതു കണ്ടുനിന്നവരെയും ഈറനണിയിച്ചു.
തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മൃതദേഹം രശ്മിയുടെ നാടായ തിരുവാര്പ്പിലേയ്ക്ക് കൊണ്ടുപോയി. വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ ബന്ധുക്കളും വീട്ടുകാരും അലമുറയിട്ടു കരഞ്ഞു.
ഇതോടെ തിരുവാര്‍പ്പിലെ വീട് സങ്കടക്കടലായി. ഭര്‍ത്താവ് വിനോദ് കുമാര്‍ അന്ത്യചുംബനം നല്‍കിപ്പോള്‍ വികാരഭരിതനായി. വൈകുന്നേരം വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു.