ഗാന്ധിനഗര്‍: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് മരിക്കാനിടയായ സംഭവത്തില്‍ പ്രാഥമിക ചികിത്സയില്‍ നഴ്സിന്റെ വീട്ടുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി ആശുപത്രി അധകൃതർ ആരോപിച്ചു.
തിരുവനന്തപുരം പ്ലാമുട്ടുക്കടതോട്ടത്ത് വിളക്കത്ത് വിനോദിന്റെ ഭാര്യയും അസ്ഥിരോഗ വിഭാഗത്തിലെ നഴ്സുമായ രശ്മി രാജ് (32) ആണ് മരിച്ചത്.
കഴിഞ്ഞ 29ന് വൈകുന്നേരം രശ്മി സംക്രാന്തിയിലുള്ള ഹോട്ടല്‍ പാര്‍ക്കില്‍നിന്ന് അല്‍ഫാം ഓര്‍ഡര്‍ നല്കി വാങ്ങുകയായിരുന്നു.
ഭക്ഷണം കഴിച്ച് രാത്രിയോടെ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇവിടെ പ്രവേശിപ്പിച്ചപ്പോള്‍ എവിടെനിന്നാണ് ഭക്ഷണം കഴിച്ചതെന്ന് ഡ്യൂട്ടി ഡോക്ടര്‍മാരോട് പറഞ്ഞില്ലെന്നാണ് അത്യാഹിത വിഭാഗത്തില്‍നിന്ന് ലഭിക്കുന്ന വിവരം.
തുടര്‍ന്ന് ആശ്വാസമായതോടെ അത്യാഹിത വിഭാഗത്തില്‍നിന്നു നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി ഹോസ്റ്റലിലേയ്ക്ക് മടങ്ങാതെ തിരുവാര്‍പ്പിലുള്ള വീട്ടിലേയ്ക്കു പോയതായും ആശു പത്രി അധികൃതർ ആരോപിച്ചു.
വീട്ടില്‍ ചെന്നശേഷം വൈകുന്നേരത്തോടെ വീണ്ടും ഛര്‍ദിയും വയറിളക്കവും നിയന്ത്രണാതീതമായി. ഉടന്‍ തന്നെ വീട്ടുകാര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
വയറുകഴുകല്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയെങ്കിലും ആരോഗ്യ നില മെച്ചപ്പെടാതിരുന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്യുകയായിരുന്നു.
റഫര്‍ ചെയ്തുവന്ന രോഗിയായതിനാല്‍ തുടര്‍ ചികിത്സ അടിയന്തരമായി നല്‍കുക മാത്രമാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ചെയ്തത്.
ആരോഗ്യ നിലമോശമായതിനെ തുടര്‍ന്ന് മെഡിസിന് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരുന്ന രശ്മിയെ പിന്നീട് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച ഡയാലിസിസ് ആരംഭിച്ചെങ്കിലും രാത്രി ഏഴിന് മരിച്ചു.
ഭക്ഷ്യവിഷബാധയേറ്റ് ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴും ഡ്യൂട്ടി ഡോക്ടറോട് രശ്മിയുടെ കൂടെയെത്തിയവര്‍ കൃത്യമായ വിവരം നല്‍കിയിരുന്നില്ല.
അതിനാല്‍ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ക്ക് പോലീസില്‍ വിവരം നല്കാന് കഴിഞ്ഞില്ല. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയാല്‍ ഈ വിവരം ഡ്യൂട്ടി ഡോക്ടര്‍ മുഖേന ബന്ധപ്പെട്ട പോലീസില്‍ അറിയിക്കണം.
എന്നാല്‍ രശ്മിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു വിവരവും ആശുപത്രിയില്‍ പറയാതിരുന്നതിനാലാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം നല്‍കാതിരുന്നതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറയുന്നു.