പോത്തൻകോട്: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയെ കാറിലെത്തിയ മൂന്നംഗ സംഘം ശല്യം ചെയ്തത് ചോദ്യം ചെയ്ത കടയുടമയെയും സഹായിയെയും സംഘം മർദിച്ച് കട അടിച്ച് തകർത്തു.
ഇന്നലെ വൈകുന്നേരം പോത്തൻകോട് മേലേമുക്കിൽ പ്രവർത്തിക്കുന്ന മുന്നാസ് ബേക്കറിയിലാണ് സംഭവം.
സ്കൂട്ടറിൽ കടയിലെത്തി സാധനം വാങ്ങിക്കുകയായിരുന്നു യുവതിയെ മൂന്നംഗ സംഘം ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ കടയുടമയായ എം. ഷാജി ചോദ്യം ചെയ്തു.
ബഹളം കേട്ട് സമീപത്തെ കടക്കാർ എത്തി യുവാക്കളെ തടഞ്ഞുവയ്ക്കുന്നതിനിടയിൽ സംഘത്തിലെ രണ്ടുപേർ കാറിൽ രക്ഷപ്പെട്ടു.
തുടർന്ന് പത്തോളം യുവാക്കളുടെ സംഘവുമായെത്തി കടയുടമയ്ക്ക് നേരെ മർദനവും അക്രമവും നടത്തുകയായിരുന്നു.
അക്രമണത്തിനിടയിൽ കടയിൽ തിളപ്പിച്ചുവച്ചിരുന്ന പാൽ ദേഹത്ത് വീണ് കടയുടമയ്ക്കും സഹായി അജീഷ് (28 )നും അക്രമം നടത്തിയ യുവാക്കൾക്കും പൊള്ളലേറ്റു.
ഇരുക്കൂട്ടരും ആശുപത്രിയിൽ ചികിത്സ തേടി. വെമ്പായം കന്യാകുളങ്ങര സ്വദേശികളായ യുവാക്കൾ വന്ന കാർ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോത്തൻകോട് എസ്ഐ വി.എസ്. അജീഷ് പറഞ്ഞു .