കൊച്ചി: കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ പ്രതികളായ ഹോട്ടലുടമ റോയി ജെ. വയലാട്ട്, സൈജു തങ്കച്ചന് എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന.
ഇരുവരെയും ഒരുമിച്ചിരുത്തിയാണ് ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
പ്രതികളില്‍നിന്ന് നിര്‍ണായകമായ പല തെളിവുകളും ലഭിച്ചതായി അന്വേഷണം സംഘം അറിയിച്ചു.
പരാതിക്കാരി നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ക്കൊപ്പം പോലീസ് വിവിധയിടങ്ങളില്‍നിന്ന് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് റോയിയെയും സൈജുവിനെയും ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
പരാതിക്കു പിന്നില്‍ ബ്ലാക് മെയിലിംഗാണെന്നാണ് പ്രതികളുടെ വാദം. പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.
അതേസമയം മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിട്ടാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇവര്‍ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ ഇന്ന് ഇവരുടെ കോഴിക്കോട്ടെ വീട്ടില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് പതിപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എ. അനന്തലാല്‍ പറഞ്ഞു..
അഞ്ജലി ഇപ്പോഴും ഒളിവില്‍ തന്നെയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ച് പോലീസ് നോട്ടീസ് നല്കാന് ഇവരുടെ വീട്ടില്‍ എത്തിയെങ്കിലും അഞ്ജലി അവിടെ ഉണ്ടായില്ല.
ഇവരുടെ അമ്മാവനാണ് നോട്ടീസ് കൈപ്പറ്റിയത്. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും അഞ്ജലി ഒളിവില്‍ പോകുകയായിരുന്നു.
ഇവര്‍ ഇന്നു ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കോടതിയുടെ നിര്‍ദേശപ്രകാരം അടുത്ത നടപടിയിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവര്‍ക്കെതിരേ പോക്സോ കേസെടുത്തത്.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്.