തുറവൂർ: പൊക്കാളി പാടശേഖരങ്ങൾ വനാമി ചെമ്മീൻ കൃഷിയിലേക്കു മാറുന്നു. കൃഷിമന്ത്രിക്കു നിവേദനവുമായി പരിസ്ഥിതിപ്രവർത്തകർ. അരൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങൾക്കു മുൻപുവരെ വ്യാപകമായി നെൽകൃഷി ചെയ്തിരുന്ന പൊക്കാളി പാടശേഖരങ്ങൾ ഇപ്പോൾ തരിശു കിടക്കുകയാണ്.
കടലോര മേഖലയിൽ ഹെക്ടർ കണക്കിന് നിലങ്ങളിൽ വ്യാപകമായി കൃഷി നടന്നിരുന്നു. അരൂർ മണ്ഡലത്തിൽ 5,000 ഹെക്ടർ പാടശേഖരത്തിൽ ഭൂരിഭാഗവും തരിശായി കിടക്കുകയാണ്.
10 വർഷം തുടർച്ചയായി നെൽകൃഷിക്ക് ഉപയോഗിക്കാത്ത പാടശേഖരങ്ങൾ സർക്കാർ അനുമതിയോടെ മത്സ്യകൃഷി നടത്താനാണ് നീക്കം. ഓരുവെള്ള ത്തിലും നശിക്കാത്ത പൊക്കാളി വിത്തുകളിലായിരുന്നു കൃഷി. വിതച്ച ഉടനെ മഴ പെയ്താലും വെള്ളത്തിന്റെ പുറമേക്ക് വളരുന്ന നെൽവിത്തുകളാണിത്.
അതുകൊണ്ടാണ് പൊക്കത്തിലേക്ക് ആളുന്ന എന്നർഥം വരുന്ന പൊക്കാളി എന്ന പേരു കിട്ടിയത്. വളം പോലും ആവശ്യമില്ലാത്ത പ്രതിരോധശക്തി അധികമുള്ള നെൽവിത്താണിത്. കേരളത്തിൽ ഇത്തരം വിത്തുകൾ വളരാൻ അപൂർവം പാടശേഖരങ്ങളാണുള്ളത്.
ചെമ്മീൻ ക്ഷാമം
അതിൽ ഏറ്റവും കീർത്തി കേട്ടതാണ് അരൂർ മേഖലയിലെ പൊക്കാളി പാടങ്ങൾ. പല കാരണങ്ങളാലും നെൽകൃഷിയോട് കർഷകർ വിടപറഞ്ഞ് മത്സ്യകൃഷി വ്യാപകമാക്കാൻ തുടങ്ങി.
ഇടതുപക്ഷ സർക്കാരിന്റെ കാർഷിക നയങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കെഎസ്കെടിയു ഉൾപ്പെടെയുള്ള കർഷകത്തൊഴിലാളി സംഘടനകളും സിപിഎമ്മിന്റെ വർഗ ബഹുജന സംഘടനകളിൽ പെട്ട സിഐടിയുവും മുഴുവൻ സമയ ചെമ്മീൻ കൃഷിക്ക് കളമൊരുക്കുകയാണ്.
മേയ്മാസം മന്ത്രി സജി ചെറിയാൻ പങ്കെടുക്കുന്ന സെമിനാർ അരൂരിൽ നടക്കും. ഒരുനെല്ലും ഒരുമീനും സർക്കാരിന്റെ നയമെന്ന് പ്രഖ്യാപിച്ച് മത്സ്യകൃഷി കഴിഞ്ഞാൽ ഇടവേളകളിൽ നെൽകൃഷി നടത്തണമെന്നും ഇല്ലെങ്കിൽ മത്സ്യകൃഷി നടത്താതെ പാടം ഒഴിച്ചിടണമെന്നുമായിരുന്നു സർക്കാരിന്റെ നയം.
കേരളത്തിൽ സമുദ്രോല്പന്ന കയറ്റുമതി സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നതിന്റെ പ്രധാന കാരണം ചെമ്മീൻ ക്ഷാമമാണ്. കടലോരങ്ങളിൽ പഴയതുപോലെ ചെമ്മീൻ ലഭ്യമല്ല.
നിവേദനം നൽകി
സമുദ്രോല്പന്ന വ്യവസായം അരൂർ മേഖലയിൽ പിടിച്ചുനിൽക്കണമെങ്കിൽ വനാമി ചെമ്മീൻ ഉത്പാദനം വ്യാപകമാക്കണം. ഇതിനുവേണ്ടിയുള്ള ശ്രമത്തിന് സിപിഎം പരോക്ഷമായി ഒരുങ്ങുകയാണ്. ഓരു ജലവും തരിശുപാടശേഖരവും സമൃദ്ധമായ അരൂർ മേഖലയിൽ വനാമി ചെമ്മീൻ കൃഷിക്കും മത്സ്യകൃഷിക്കും വിപുലമായ സാധ്യതകളുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അരൂർ മേഖലയിൽ ഹെക്ടർ കണക്കിന് നെൽപ്പാടങ്ങൾ കൃഷിയില്ലാതെ കിടക്കുന്നത് കർഷക തൊഴിലാളി സംഘടനയെ പ്രയാസപ്പെടുത്തുന്ന കാര്യമാണ്. സാധ്യമായ കുറെ സ്ഥലമെങ്കിലും കൃഷിക്ക് ഉപയോഗിക്കണമെന്നുതന്നെയാണ് യൂണിയന്റെ നിലപാട്.കുറേ വർഷങ്ങളായി തരിശു കിടക്കുന്ന തുറവൂർ, പട്ടണക്കാട്, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിലെ പൊക്കാളി പാടശേഖരത്തിൽ നെൽകൃഷി നടത്തണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് നിവേദനം നൽകി.
നിലവിൽ തുറവൂർ പൊക്കാളി പാടശേഖരത്തിൽ സംഘടന നേരിട്ട് നെൽകൃഷി നടത്താൻ തയാറാണെന്ന് പരിസ്ഥിതി പ്രവർത്തകർ മന്ത്രിയോട് പറഞ്ഞു. നെൽകൃഷി നടത്തണമെങ്കിൽ നിലവിൽ പാടശേഖരത്തിൽ കയറ്റിയിരിക്കുന്ന ഉപ്പുവെള്ളം പമ്പു ചെയ്തു മാറ്റണം.
വർഷകാലത്ത് സാമൂഹികവിരുദ്ധർ പൊഴിച്ചാലിൽനിന്ന് ഉപ്പുവെള്ളം പാടശേഖരത്തിലേക്കു കയറ്റാതിരിക്കുന്നതിനുവേണ്ട നടപടി ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്നും സമിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി.