വൈപ്പിൻ: നായരന്പലം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗങ്ങളിലുള്ള പൊക്കാളി പാടശേഖരങ്ങളിൽ പൊക്കാളി കൃഷി വിളയില്ലെന്ന ചില കർഷകരുടെ വാദഗതിയും അതിനു പിന്നിലെ ഗൂഢാലോചനയും തകർക്കാൻ പൊക്കാളി പാടശേഖര സംരക്ഷണ സമിതി രംഗത്ത്. ഇതിനായി സമിതി നായരന്പലം പടിഞ്ഞാറ് അന്പലത്തോട് ഭാഗത്തെ മൂന്ന് ഏക്കർ സ്ഥലത്ത് സമാജത്തിൽ സ്വന്തം നിലയ്ക്ക് കൃഷിയിറക്കാനുള്ള നീക്കത്തിലാണ്.
ഉടമയായ പുത്തലത്ത് ഹരിയുമായുള്ള ഉടന്പടി പ്രകാരം സമിതി പാടം ഏറ്റെടുത്ത് ചിറ ഭദ്രമാക്കി മോട്ടോർ പന്പ് സ്ഥാപിച്ച് വെള്ളം വറ്റിക്കൽ തുടങ്ങി. വിളവിന്റെ അഞ്ചു ശതമാനം നിലമുടമയ്ക്ക് നൽകണം. ഇതാണ് കരാർ.
കൂടാതെ സമിതി നായരന്പലം പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ കൃഷി ഇറക്കാതെ ഇട്ടിരിക്കുന്ന ചില പാടങ്ങളിലും കൃഷി ഇറക്കാൻ ശ്രമം നടത്തുന്നുണ്ട്. മൂന്നേക്കർ പാടത്ത് വെള്ളം വറ്റുന്ന മുറയ്ക്ക് നിലം കിളച്ച് വിത്ത് വിതറി പണികൾ ആരംഭിക്കുമെന്ന് സമിതി ജനറൽ കണ്‍വീനർ ഫ്രാൻസീസ് അറിയിച്ചു.