തിരുവനന്തപുരം:പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു. 27 സേവനങ്ങൾ ലഭിക്കാനായി പൊതുജനങ്ങൾക്ക് ഇനിമുതൽ ഈ ആപ്പ് ഉപയോഗിക്കാം. പോൽ-ആപ്പ് (POL-APP) എന്ന് നാമകരണം ചെയ്തിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. മറ്റ് പ്ലാറ്റ് ഫോമുകളിൽ ഏതാനും ദിവസങ്ങൾക്കകം ആപ്പ് ലഭ്യമാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.15 സേവനങ്ങൾക്കൂടി വൈകാതെ ഈ ആപ്പിൽ ലഭ്യമാകും. സാധാരണക്കാർക്ക് വളരെയെളുപ്പം ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്.
ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ സൂചിപ്പിക്കാൻ പോലീസിന് കഴിയും. കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നന്പർ, ഇ മെയിൽ വിലാസവും ആപ്പിൽ ലഭ്യമാണ്. പ്രഥമവിവര റിപ്പോർട്ട് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.
പോലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. പാസ്സ്പോർട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കായി ആപ്പിൽ പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത മൂന്നു മൊബൈൽ നന്പറിലേക്കു ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷൻ അയക്കാൻ കഴിയും. അത്യാവശ്യഘട്ടങ്ങളിൽ ഈ നന്പറുകളിലേക്കു എസ് ഒ എസ് കാൾ ചെയ്യാനും സാധിക്കും.
സ്റ്റേഷൻ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാനും വനിതകൾക്ക് ഈ ആപ്പ് മുഖേന സാധിക്കും. പോലീസ് എമർജൻസി റെസ്പോണ്‍സ് സപ്പോർട്ട് സിസ്റ്റത്തിലേക്കു സേവനം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയക്കാൻ പ്രത്യേകം സംവിധാനം ഏർപ്പെടിത്തിയിട്ടുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളിൽ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനിൽ അറിയിക്കാനും ഈ ആപ്പ് ഉപയോഗിക്കാം.
ജനങ്ങൾ അറിയേണ്ട പോലീസിനെ സംബന്ധിക്കുന്ന വിവരങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാകും. പോലീസിന്റെ എല്ലാ സോഷ്യൽ മീഡിയ പേജുകളും ഇതിൽ ലഭിക്കും. ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകൾക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ, പ്രധാനപ്പെട്ട സർക്കാർ വെബ് സൈറ്റുകളുടെ ലിങ്കുകൾ എന്നവയും ആപ്പിൽ ലഭ്യമാണ്.
ചില വിഭാഗങ്ങളിൽപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും നേരിട്ട് പോലീസിന് അയക്കാൻ ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന സ്ത്രീകളുടെയും, കുട്ടികളുടെയും, മുതിർന്ന പൗരന്മാരുടെയും വിവരങ്ങൾ അവരുടെ ഫോട്ടോ ജിയോ ടാഗ് ചെയ്ത് പോലീസിന് നൽകാം. പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്നവർക്ക് തങ്ങളുടെ അനുഭവങ്ങൾ വിവരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.