മങ്കൊമ്പ്: പ്രതാപകാലത്തു ഗതാഗതത്തിനും കുടിവെള്ളത്തിനുമായി നാട്ടുകാർ ഏറെ ആശ്രയിച്ചിരുന്ന തോട് ഇന്നു മരണാസന്നയായി കഴിയുന്നു. കുട്ടനാട്ടിലെ രണ്ടു ആറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചമ്പക്കുളം മഠത്തിൽ തോടാണ് അധികൃതരുടെ അവഗണന അനുഭവിക്കുന്നത്.
നെടുമുടി പഞ്ചായത്ത് ഓഫീസിനു സമീപത്തുകൂടി കടന്നുപോകുന്നതായിട്ടും കാലങ്ങളായുള്ള തോടിന്റെ ശോച്യാവസ്ഥ പ്രാദേശിക ഭരണാധികാരികളുടെയും കണ്ണിൽ പെടുന്നില്ല. ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്റർ മാത്രം വരുന്ന റോഡു നവീകരണമാണ് അനന്തമായി നീളുന്നത്.
ദൈർഘ്യമുള്ളപമ്പയാറിനെയും പൂക്കൈത ആറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തോട് ഒരുകാലത്തു ജനങ്ങൾക്കു ഏറെ ആശ്രയമായിരുന്നു. ധാരാളം യാത്രാബോട്ടുകളും കേവുവള്ളങ്ങളുമടക്കം യഥേഷ്ടം ഇതുവഴി സഞ്ചരിച്ചിരുന്നു. എന്നാൽ, ഇന്നു തോട്ടിൽ ഇറങ്ങി കാലുകഴുകാൻ പോലും പറ്റാത്തവിധം പായലും പോളയും നിറഞ്ഞിരിക്കുന്നു.
തോടിനു വശത്താണ് മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട മഠം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപുവരെ മൂലം വള്ളംകളിയുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഈ ക്ഷേത്രത്തിനു മുന്നിൽവച്ചാണ് വിതരണം ചെയ്തിരുന്നത്.
ആർപ്പും ആരവവും നിറഞ്ഞുനിന്നിരുന്ന തോട്ടിലിന്നു പോളയും കാടും വളർന്നു നീരൊഴുക്കു പോലും തടസപ്പെട്ട നിലയിലാണ്. മാലിന്യം നിറഞ്ഞ തോട്ടിലെ വെള്ളത്തിനു ദുർഗന്ധവും അസഹനീയമാണ്.തോട്ടിലിറങ്ങുന്നവർക്ക് ത്വക്കുരോഗങ്ങളും അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.
തോടിനു കുറുകെ ആദ്യകാലത്ത് നിർമിച്ചതും ഇപ്പോൾ ഉപയോഗത്തിൽ ഇരിക്കുന്നതുമായ നടപ്പാലം ചുണ്ടൻ വള്ളങ്ങൾക്കും യാത്രാബോട്ടുകൾക്കും താഴെക്കൂടെ യാത്ര ചെയ്യാൻ പാകത്തിൽ വളരെ ഉയർത്തിയാണ് നിർമിച്ചിരുന്നത്.വീണ്ടും ഒരു മൂലം നാൾ എത്തുമ്പോൾ തോടിന്റെ പ്രതാപകാലം നാട്ടുകാരുടെ മനസിലേക്ക് ഓടിയെത്തുന്നു.
ഇത്തവണ വള്ളംകളി അനിശ്ചിതത്വത്തിലാണെങ്കിലും തോട് വൃത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രളയകാലത്തു കുട്ടനാട്ടുകാർക്കു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ ജലഗതാഗതമാർഗങ്ങൾ മാത്രമാണ് ഏക ആശ്രയം.
വലിയ വെള്ളപ്പൊക്കമുണ്ടായാൽ തോട്ടിലെ പോളയും പായലും സമീപത്തെ വഴിയിലേക്ക് ഒഴുകി ഗതാഗതം തടസപ്പെടാനുള്ള സാധ്യതയും ഏറെയാണ്.