കോട്ടയം: കൊടൂരാറ്റിൽ ബോട്ട് സർവീസിന് ഭീഷണിയായി പായലും പോളയും നിറഞ്ഞു. കൃഷി ആവശ്യങ്ങൾക്ക് യമഹ ഘടിപ്പിച്ച വള്ളങ്ങൾ ധാരാളം പോകുന്ന സമയമാണിത്. എന്നാൽ പായലിൽ കുടുങ്ങി ജലവാഹനങ്ങൾ നട്ടം തിരിയുകയാണ്. കൊടൂരാറ്റിൽ ചന്തക്കടവിനു പുറമെ ബോട്ട് ജെട്ടിയിലും സമീപത്തുമെല്ലാം പോള നിറഞ്ഞുകഴിഞ്ഞു.
ജെട്ടിയിൽ പോള നിറഞ്ഞതിനാൽ ബോട്ട് തിരിക്കാൻ പോലും പ്രയാസപ്പെടുകയാണ്. കോട്ടയം-ആലപ്പുഴ ബോട്ട് ഇപ്പോൾ പള്ളം വഴിയാണ് പോകുന്നത്. ഈ റൂട്ടിലും ആറ്റിൽ പോള നിറഞ്ഞു. തോട്ടിലും ആറ്റിലും പോളയും പായലും വ്യാപിച്ചിട്ടും പോള വാരൽ യന്ത്രത്തിന് അനക്കമില്ല.
ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപമുടക്കി വാങ്ങിയ പോള വാരൽ യന്ത്രം കോടിമതയിൽ വിശ്രമിക്കുകയാണ്. ഉദ്ഘാടനം നടത്തിയതല്ലാതെ കാര്യമായി പോളവാരാൻ ഉപയോഗിച്ചിട്ടില്ല. അതേ സമയം പഞ്ചായത്ത്, മുനിസിപ്പൽ സ്ഥാപനങ്ങൾ പോള വാരൽ പദ്ധതിയിൽ ഉൾ്പെടുത്തി ആവശ്യപ്പെട്ടാൽ മാത്രമേ യന്ത്രം പോള വാരുന്നതിന് വിട്ടുനല്കാനാവു എന്ന് യന്ത്രത്തിന്റെ ചുമതല വഹിക്കുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മണിക്കൂറിന് 1500 രൂപയാണ് പോള വാരൽ യന്ത്രത്തിന് വാടക. ഇതിനു പുറമെ പോള വാരുന്നവർ ഡീസലും വാങ്ങണം. തിരുവാർപ്പ് പഞ്ചായത്ത് പോളവാരൽ യന്ത്രം ആവശ്യപ്പെട്ട് കത്തു നല്കിയതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. പഞ്ചായത്തുമായി എ്ഗ്രിമെന്റ് വച്ച് രണ്ടു ദിവസത്തിനകം യന്ത്രം വിട്ടുനല്കും.
സ്വകാര്യ വ്യക്തികളാണ് ആവശ്യപ്പെടുന്നതെങ്കിൽ മുൻകൂറായി പണം അടയ്ക്കണം. കൊടൂരാറ്റിൽ കോടിമത ഭാഗത്തെ പോള വാരണമെങ്കിൽ കോട്ടയം നഗരസഭയാണ് യന്ത്രം ആവശ്യപ്പെടേണ്ടത്. ഇതുവരെ അവർ ആവശ്യപ്പെട്ടിട്ടില്ല. ചങ്ങനാശേരി നഗരസഭ പോള വാരുന്നതിന് യന്ത്രം ചോദിച്ചിട്ടുണ്ട്.