കോട്ടയം: പോള ശല്യത്തിന് അറുതി വരുത്താൻ കഴിയാത്തതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ദുരിതത്തിൽ. ആറ്റിലും തോട്ടിലുമെല്ലാം പോള നിറഞ്ഞതോടെ കൊതുകിന്റെ ശല്യം വർധിച്ചുവെന്നാണ് ജനങ്ങളുടെ പരാതി.
മിക്ക തോടുകളിലും പോളയും പായലും നിറഞ്ഞു കിടക്കുന്ന കാഴ്ചയാണുള്ളത്. തോടുകളിലൂടെ വള്ളത്തിൽ പോലും പോകാൻ കഴിയില്ല. കൊടൂരാറ്റിൽ ബോട്ട് യാത്രയെ പോലും പോള തടസപ്പെടുത്തുകയാണ്. പോള നീക്കം ചെയ്താലും വീണ്ടും എത്തുന്നു എന്നതാണ് മറ്റൊരു കാര്യം. വേനൽമഴ ശക്തിയായതോടെ തോടുകളിലെ ജലനിരപ്പ് ഉയർന്നുവെങ്കിലും പലയിടത്തും പോള ഒഴുകി പോകുന്നില്ല.
വൻ തോതിൽ പോള തോടുകളിൽ നിറഞ്ഞതോടെയാണ് വെള്ളം ശക്തിയായി ഒഴുകിയിട്ടും പോളയ്ക്ക് അനക്കമില്ലാത്തത്. മീനച്ചിലാറിന്റെ കൈവഴിയായ അറുത്തൂട്ടി തോട്ടിലെ പോള എങ്ങനെ തള്ളിനീക്കും എന്ന ആശങ്കയിലാണ് നാട്ടുകാർ.
തോടിന്റെ തീരത്ത് താമസിക്കുന്നവരാണ് പോള മൂലം ബുദ്ധിമുട്ടുന്നത്. തോട്ടിലെ ഒഴുക്കു കണ്ട് പോള പോകുമെന്നു കരുതിയെങ്കിലും ഒരിഞ്ചു പോലും നീങ്ങുന്നില്ല. ഇന്നലെ ചിലർ തള്ളി നീക്കാൻ ശ്രമം നടത്തിയെങ്കിലും പോള പൂർണമായി നീക്കാനായില്ല.