കാവാലം: പോളശല്യം കുട്ടനാട്ടിലെ കനാലുകളില്‍ പലതിനേയും നിര്‍ജീവമാക്കുകയാണ്. പമ്പാനദീതീരത്തുള്ള കാവാലം വില്ലേജ് ഓഫീസിന് മുന്‍പിലൂടെ കടന്നുപോകുന്ന കൃഷ്ണപുരം തോടിൻറെ അവസ്ഥ ദയനീയമാണ്.
തങ്ങളുടെ കടവില്‍നിന്നു പോള ഒഴിവാക്കുന്നതിനായി തോടിനുകുറുകെ പലരും കയർ വലിച്ചുകെട്ടുന്നതും വിനയാവുകയാണ്. ഒഴുക്കുനിലച്ചു പോളകെട്ടിക്കിടന്നു വളരാനും ജലം മലിനമാകാനും കൊതുകു ശല്ല്യം വര്‍ദ്ധിക്കാനും ഇതിടയാക്കും.
തോടിനുകുറുകെയുള്ള തടസ്സങ്ങളെല്ലാം അടിയന്തരമായി മാറ്റാനും തോട്ടിലുള്ള പോള തൊഴിലുറപ്പുപദ്ധതിയിലോ മറ്റോ ഉള്‍പ്പെടുത്തി നീക്കം ചെയ്യാനും ആറ്റില്‍ നിന്നുള്ള പോള തോട്ടിലേക്കു കടന്നുവരാത്ത രീതിയില്‍, വില്ലേജ് ഓഫീസിനു സമീപം തോടിന്റെ കവാടത്തില്‍ സ്ഥിരംസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും നീലംപേരൂര്‍ പഞ്ചായത്തധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കുട്ടനാട്ടില്‍നിന്നു ചങ്ങനാശ്ശേരിയിലേക്കുള്ള പ്രധാന ജലപാതകളിലൊന്നാണ് കൃഷ്ണപുരം തോട്. കനാലുകളുടെയെല്ലാം കവാടങ്ങളില്‍ പോളതടഞ്ഞുനിര്ത്തി ജലവാഹനങ്ങള്‍ കടത്തിവിടുന്നതിനുമുള്ള ക്രമീകരണങ്ങളും ആവശ്യാനുസരണം ആഴംകൂട്ടുന്നതിനുള്ള നടപടികളുമുണ്ടായാല്‍ കൂട്ടനാടന്‍ കനാല്തീരങ്ങളിലെ മലിനീകരണവും രോഗാതുരതയും വലിയൊരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് പ്രദേശവാസികൾ പറയുന്നു.