കോട്ടയം: ലക്ഷങ്ങള്‍ മുടക്കി ജില്ലാ പഞ്ചായത്ത് പോളവാരല്‍ യന്ത്രവും കോട്ടയം നഗരസഭ പോള സംസ്കരണ യൂണിറ്റും സ്ഥാപിച്ചെങ്കിലും രണ്ടും പാഴായി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യന്ത്രവും പ്ലാന്റും പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വേനലിന്റെ രൂക്ഷതയില്‍ കോട്ടയം നഗരത്തിലെ ജലാശയങ്ങളിലും മീനച്ചിലാറ്റിലും കൊടൂരാറ്റിലുമെല്ലാം പോള നിറഞ്ഞ് ജനജീവിതം ദുഃസഹമായിരിക്കുകയാണ്. പ്ലാന്റും യന്ത്രവും കേടാകുകയും ലക്ഷങ്ങള്‍ പാഴാകുകയും ചെയ്തിരിക്കുകയാണ്.
പോളശല്യം ഒഴിവാക്കാന്‍ ശാസ്ത്രീയ മാര്‍ഗം അവലംബിക്കുന്നതിന്റെ ഭാഗമായി അഞ്ചു വര്‍ഷം മുമ്പു നഗരസഭ 52 ലക്ഷം മുടക്കി കോടിമത പച്ചക്കറി മാര്‍ക്കറ്റിനോടു ചേര്‍ന്ന് പ്ലാന്റ് നിര്‍മിച്ചത്. പോളയും മറ്റും സംസ്കരിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണു പണം അനുവദിച്ചത്.
നഗരസഭയുടെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പിന്റെ ഫിര്‍മ ഏജന്‍സിയാണ് പ്ലാന്റ് നിര്‍മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോള്‍ നിലച്ചു. പ്ലാന്റിലെ ചോപ്പര്‍ കേടായതാണു കാരണം. നന്നാക്കുന്നതു സംബന്ധിച്ച് നഗരസഭയും ഫിഷറീസ് വകുപ്പും തര്‍ക്കത്തിലായി. ഇടയ്ക്ക് ചോപ്പര്‍ മാറ്റിയെങ്കിലും പ്ലാന്റിനു ജീവന് വച്ചില്ല.
യന്ത്രങ്ങള്‍ തുരുമ്പെടുത്ത് പരിസരം കാടുകയറി പ്ലാന്റ് അനാഥമായി. കാടുപിടിച്ചു കിടക്കുന്ന പ്ലാന്റും പരിസരവും ഇന്നു തെരുവുനായ്ക്കളുടെ ആവാസ കേന്ദ്രവും സാമൂഹ്യ വിരുദ്ധരുടെ താവളവുമാണ്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിക്കുമ്പോള്‍ പദ്ധതി നന്നാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
പടിഞ്ഞാറന്‍ ജലാശയങ്ങളിലും തോടുകളിലും നിറയുന്ന പോള നീക്കം ചെയ്യാനാണു അഞ്ചു വര്‍ഷം മുന്‍പ് 48 ലക്ഷം രൂപ മുടക്കി ജില്ലയില്‍ ആദ്യമായി പോള വാരല്‍ യന്ത്രം ജില്ലാ പഞ്ചായത്ത് വാങ്ങിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും വാടകയ്ക്കു നല്‍കുകയായിരുന്നു ലക്ഷ്യം. പോളവാരല്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കൃഷി വകുപ്പിനെയാണു നിശ്ചയിച്ചത്.
പക്ഷേ, ജില്ലാ പഞ്ചായത്തിന്റെ കണക്കുക്കൂട്ടല്‍ തെറ്റി. പ്രതീക്ഷിച്ച പോലെ തദ്ദേശ സ്ഥാപനങ്ങള്‍ പോള വാരാന്‍ മുന്നോട്ട് വന്നില്ല. ചുരുക്കം പഞ്ചായത്തുകള്‍ മാത്രം ആദ്യ വര്‍ഷങ്ങളില്‍ പദ്ധതിയിട്ടു. ലക്ഷങ്ങള്‍ വാടക പ്രതീക്ഷിച്ചിടത്ത് കിട്ടിയതു 4,000 രൂപ മാത്രം. ജില്ലയില്‍ 20 ലേറെ പഞ്ചായത്തുകളിലും നാലു നഗരസഭകളിലും പോളനിറഞ്ഞ തോടുകളുണ്ടെന്നാണു ജില്ലാ പഞ്ചായത്തിനു ലഭിച്ച കണക്ക്. കൂടാതെ പ്രധാന ജലപാതയായ കോട്ടയം – ആലപ്പുഴ റൂട്ടില്‍ പോള ഒഴിഞ്ഞ കാലമില്ല.
പോളയോടൊപ്പം ജലാശയങ്ങളില്‍ ഇപ്പോള്‍ കടകല്‍ എന്ന പുല്ലും വളരുന്നുണ്ട്. ജലോപരിതലത്തിലെ പോള മാത്രമാണ് യന്ത്രം ഉപയോഗിച്ച് വാരിമാറ്റാന്‍ കഴിയുക. ജലാശയങ്ങളുടെ അടിയില്‍നിന്നു വേരുകളിലാണ് കടകല്‍ വളരുന്നത്. ഇതും ജലാശയങ്ങള്‍ക്ക് ഭീഷണിയാണ്.