പയ്യന്നൂര്‍: കോവിഡ് ജാഗ്രതയുടെ ഭാഗമായി പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കി തടിയൂരിയവരോട് വീണ്ടും പിഴയൊടുക്കാന്‍ കോടതിയുടെ നോട്ടീസ്.
ഇതോടെ പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കിയവർ വീണ്ടും പിഴയടക്കേണ്ട ഗതികേടിലായി. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിവര്ക്ക് മുന്നില്‍ നിസഹായരായി കൈമലര്‍ത്തുകയാണ് പോലീസ്.
കൊറോണ ജാഗ്രതയുടെ ഭാഗമായി മാസ്ക് ധരിക്കാത്തവരും ആവശ്യമായ രേഖകള്‍ ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവരുമാണ് ഇപ്പോള്‍ വെട്ടിലായത്. സര്‍ക്കാരിന്റെ അന്നത്തെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കിയാണ് പലരും തടിയൂരിയത്.
കോടതികളില്‍ പിഴയൊടുക്കാമെന്ന് സമ്മതിച്ചവരും ഉണ്ട്. പിന്നീട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയപ്പോള്‍ പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കുന്ന നടപടികള്‍ നിര്‍ത്തുകയായിരുന്നു.
ഇതോടെ എല്ലാ കേസുകളുടേയും ഫയലുകള്‍ കോടതിയിലെത്തി. കോടതിയുടെ തുടര്‍നടപടികളുടെ ഭാഗമായി പിഴയൊടുക്കുന്നതിനുള്ള നോട്ടീസെത്തിയപ്പോള്‍ ആദ്യം പോലീസ് സ്റ്റേഷനുകളില്‍ പിഴയൊടുക്കിയവരും വീണ്ടും പിഴയടക്കേണ്ട ഗതികേടിലായി.
മാസ്ക്ക് ധരിക്കാത്തതിന് പോലീസ് സ്റ്റേഷനുകളില്‍ പിഴയടച്ചവരും ഇപ്പോള്‍ ഇതേഗതി വരുമോയെന്ന ആശങ്കയിലാണ്.