ചോറ്റി: ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതു ചോദ്യംചെയ്ത ഭര്‍ത്താവിനും പിതാവിനും സംഭവം അന്വേഷിക്കാനെത്തിയ എസ്ഐക്കും മര്‍ദനമേറ്റു.
സംഭവത്തില്‍ ചോറ്റി പുതുപ്പറമ്പില്‍ ജയമോഹ(ജയന്-47)നെ മുണ്ടക്കയം എസ്എച്ച്ഒ എ. ഷൈന്‍കുമാറും സംഘവും അറസ്റ്റു ചെയ്തു.
ഇളങ്കാട്, ഞര്‍ക്കാട് സ്വദേശികളായ വടക്കേചെരുവില്‍ ഹരി (34), ഭാര്യ രാഖി (31), ഇവരുടെ പിതാവ് സോമന് (58) എന്നിവര്‍ ക്ഷേത്ര കാവടി ഘോഷയാത്ര കാണാനും ക്ഷേത്ര ദര്‍ശനത്തിനുമാണ് ചോറ്റിയിലെത്തിയത്.
അസഹ്യമായ ചൂടുമൂലം രാഖി സമീപത്തെ ജയന്റെ കടയുടെ വരാന്തയില്‍ വിശ്രമിക്കാനിരുന്നപ്പോള് സമീപത്തെത്തിയ ജയന് ഇവരോട് അശ്ലീലച്ചുവയില്‍ സംസാരിക്കുകയായിരുന്നുവത്രെ.
ഇതു ചോദ്യം ചെയ്ത ഹരിയെയും പിതാവിനെയും ജയനും കൂട്ടുകാരനും ചേര്‍ന്നു മര്‍ദിച്ചു.
വിവരം അറിഞ്ഞ് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്ളൈയിംഗ് സ്ക്വാഡ് എസ്ഐ ലാലുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി പ്രതികളെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത് കൈയാങ്കളിയിലായി.
പരിക്കേറ്റ എസ്ഐ മുണ്ടക്കയത്തും യുവതിയും കുടുംബവും കാഞ്ഞിരപ്പള്ളിയിലും ചികിത്സ തേടി.
മുണ്ടക്കയം സിഐ ഷൈന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ജയനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.