കൽപ്പറ്റ: മരുമകളെ കോവിഡ് ജോലിസ്ഥലത്തു എത്തിച്ചു തിരികെ വരുന്നതിനിടെ പോലീസ് വാഹനം തടഞ്ഞുനിർത്തി പിഴ ചുമത്തിയതിനെതിരെ ഭർതൃപിതാവ് ജില്ലാ കളക്ടർക്കു പരാതി നൽകി.
പുൽപ്പള്ളി പാക്കം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കോവിഡ് ജോലിയുള്ള മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സിംനയുടെ ഭർതൃപിതാവ് കെ.യു. ഖാദറാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് ഖാദറിനു തിക്താനുഭവം. ഇരുളത്തു ഭർതൃവീട്ടിൽ താമസിക്കുന്ന സിംനയെ മേയ് 11 മുതലാണ് പാക്കം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കോവിഡ് ജോലിക്കു നിയോഗിച്ചത്.
കഴിഞ്ഞ ദിവസം സിംനയെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെയാണ് ഖാദർ ഓടിച്ച കാർ പുൽപ്പള്ളിയിൽ പോലീസ് തടഞ്ഞത്. സത്യവാങ്മൂലം കാണിച്ച് യാത്രാവിവരം ബോധ്യപ്പെടുത്തിയിട്ടും പോലീസ് പിഴയടപ്പിക്കുകയായിരുന്നു.
ലോക്ഡൗണ്‍ പശ്ചാത്തലത്തിൽ സിംനയെ സ്വന്തം വാഹനത്തിൽ ഭർതൃപിതാവാണ് ദിവസവും രാവിലെ ആശുപത്രിയിൽ എത്തിക്കുന്നതും ജോലി കഴിയുന്പോൾ തിരികെ കൊണ്ടുവരുന്നതും.
സർക്കാർ നിർദേശമനുസരിച്ചുള്ള ജോലിക്കായി യാത്ര ചെയ്യുന്പോൾ മതിയായ രേഖകളുണ്ടായിട്ടും അനധികൃതമായി പിഴ ചുമത്തുകയായിരുന്നുവെന്നു ഖാദറിന്റെ പരാതിയിൽ പറയുന്നു.
പിഴ അടച്ചില്ലെങ്കിൽ വാഹനം കസ്റ്റഡിയിലെടുക്കുമെന്നു പോലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.