പത്തനംതിട്ട: എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉത്്പന്നങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളിലും പരിസരങ്ങളിലും വന്‍ റെയ്ഡ് നടന്നു.
രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ വിവിധ ഇനങ്ങളിലെ നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു, രണ്ടുപേരെ അറസ്റ്റു ചെയ്തു.
ഉണർവ്
ലഹരി ഉത്പന്നങ്ങളുടെ വില്പന തടയുന്നതിന് സംസ്ഥാന ഗവൺമെന്റ് പുതുതായി രൂപം നല്കിയ ‘ഉണര്‍വ്’ പദ്ധതിയുടെ ഭാഗമായുള്ള പോലീസ് സ്പെഷല്‍ ഡ്രൈവിലാണ് രണ്ടുപേര്‍ കുടുങ്ങിയത്. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ പുതിയത്ത് നാസര്‍ (52), കുമ്പഴയില്‍ ആക്രിക്കട നടത്തുന്ന സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട കണ്ണങ്കരയിലെ നാസറിന്റെ കടയില്‍ നിന്നാണ് ആദ്യം പോലീസ് നായയുടെ സഹായത്തോടെ നിരവധി ഇനങ്ങളില്‍പെട്ട നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
പത്തനംതിട്ട ജില്ലാ ഡോഗ് സ്ക്വാഡിലെ റാംബോയുടെ സഹായത്തോടെയാണ് പരിശോധന നടന്നത്. ഏതുതരം മയക്കുമരുന്നും ഒളിപ്പിച്ചുവച്ചാലും കുഴിച്ചിട്ടാലും കണ്ടെത്താന്‍ കഴിയുന്ന തരം പരിശീലനം നേടുകയും, മുമ്പ് പലതവണ ഇത്തരത്തില്‍ മിടുക്കുതെളിയിച്ചിട്ടുമുള്ള നായയാണ് ഇത്.
റെയ്ഡ് തുടരും
എഡിജിപി വിജയ് സാഖറെയുടെ ഉത്തരവനുസരിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ എസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ. എ. വിദ്യാധരന്, പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാര്‍ എന്നിവര്‍ ഇന്നത്തെ റെയ്ഡിന് നേതൃത്വം കൊടുത്തു.
ആന്റി നാര്‍കോട്ടിക് റെയ്ഡ് ജില്ലയില്‍ വരും ദിവസങ്ങളിലും തുടരുമെന്നും, ഓണ നാളുകളില്‍ കര്‍ശന പരിശോധന ഉണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഓണ നാളുകളില്‍ ഇത്തരം ഉത്പന്നങ്ങളുടെ കടത്തും വില്പനയും വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധന ശക്തമാക്കുന്നത്.
അതിഥി തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് വില്പന ഏറുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധനയുണ്ടാവും.
പത്തനംതിട്ട പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും സഹകരണത്തോടെയാണ് റെയ്ഡ് നടന്നത്. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എസ്ഐ അനൂപ്, എഎസ്ഐ കൃഷ്ണകുമാര്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.