ചെറുതോണി: ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്രചെയ്തതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.
വാഴത്തോപ്പ് സ്വദേശിയായ യുവാവിനെയാണ് കഴിഞ്ഞദിവസം ഇടുക്കി പോലീസ് പിടികൂടിയത്.
പോലീസ് കൈകാണിച്ചിട്ട് നിർത്താതെപോയ ഇരുചക്രവാഹനം പോലീസ് പിൻതുടർന്നെത്തി വീട്ടിൽനിന്നും പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പോലീസിന്റെ നടപടി ചോദ്യംചെയ്ത യുവാവിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു.
എന്നാൽ, പോലീസ് കൈയേറ്റം ചെയ്തെന്നാരോപിച്ച് യുവാവ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി എത്തിയപ്പോഴാണ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഡോക്ടർക്ക് യുവാവിന്റെ ശാരീരിക സ്ഥിതിയിൽ സംശയംതോന്നി ആന്റിജൻ ടെസ്റ്റിന് നിർദേശിക്കുകയായിരുന്നു. സ്രവ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
ഇയാൾ ഓടിച്ച വാഹനം ഇയാളുടെ വീട്ടുമുറ്റത്തുനിന്നും പോലീസ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് എടുത്തുകൊണ്ടു പോവുകയായിരുന്നുവെന്ന് കാണിച്ച് യുവാവിന്റെ ഭാര്യ ഇടുക്കി പോലീസിൽ പരാതി നൽകിയിരിക്കുകയുമാണ്.
പോലീസ് കേസെടുത്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇടുക്കി എസ്ഐ ഉൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുകയാണ്.
ബൈക്ക് പെട്ടിഓട്ടോറിക്ഷയിൽ കയറ്റാൻ സഹായിച്ച തൊഴിലാളികളും നിരീക്ഷണത്തിലായേക്കും.