കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ച യുവതിയെ കണ്ടെത്താന്‍ പോലീസ്.
പേര് വെളിപ്പെടുത്താത്ത യുവതിയാണ് വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ വിജയ് ബാബുവിനെതിരെ ആരോപണമുന്നയിച്ചത്.
യുവതിയെ കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സിനിമ മേഖലയുമായി ബന്ധമുള്ളയാളാണ് ആരോപണം ഉന്നയിച്ചതെന്നാണ് സൂചന.
ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും പരാതി എഴുതി വാങ്ങാനുമാണ് പോലീസിന്റെ തീരുമാനം.
2021 നവംബറില്‍ ജോലിയുടെ ഭാഗമായി വിജയ് ബാബുവിനെ കണ്ടുമുട്ടിയെന്ന് ഇവർ പറയുന്നു.
തുടർന്നുണ്ടായ മോശം അനുഭവവുമാണ് യുവതി ഫേസ്ബുക്കിൽ കുറിച്ചത്. സംസാരത്തിനിടെ അയാൾ മദ്യപിക്കുകയും തനിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന് അവർ പറയുന്നു.
താൻ മദ്യം നിരസിച്ചു ജോലി തുടർന്നു. പെട്ടെന്നു വിജയ് ബാബു തന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു.
ഭാഗ്യവശാൽ, തന്റെ പ്രതികരണം വളരെ വേഗത്തിലായിരുന്നുവെന്നും താൻ ചാടി പുറകോട്ടേക്ക് മാറി അവനിൽനിന്ന് അകലം പാലിച്ചുവെന്നും അവർ എഴുതി.
താൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്കു നോക്കി. അപ്പോൾ വീണ്ടും തന്നോട് ചോദിച്ചു “ഒരു ചുംബനം മാത്രം?”.
ഇല്ല എന്ന് പറഞ്ഞു താൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർഥിച്ചു. പേടിച്ചു താൻ സമ്മതിച്ചു.
ചില ഒഴികഴിവുകൾ പറഞ്ഞു പെട്ടെന്ന് അവിടെനിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും യുവതി കുറിപ്പിൽ പറയുന്നു.
വിജയ് ബാബുവിനോട് “അമ്മ’ വിശദീകരണം തേടി
കൊച്ചി: പീഡനാരോപണത്തിന്റെ പശ്ചാത്തലത്തില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവില്‍ നിന്നും താരസംഘടനയായ അമ്മ വിശദീകരണം തേടി. തുടര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്സിക്യുട്ടീവ് യോഗം ഞായറാഴ്ച ചേരും.
വിജയ് ബാബുവിന്റെ വിശദീകരണം യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം, താരസംഘടനയുടെ എക്സിക്യൂട്ട് അംഗം കൂടിയായ ആരോപണ വിധേയനെതിരെ “അമ്മ’ നടപടി വൈകുന്നതിലും ആക്ഷേപമുണ്ട്.
അതേസമയം സംഘടനയുടെ ഭാരവാഹികള്‍ ആരും ഈ വിഷയത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല. നിലവില്‍ സിനിമ മേഖലയില്‍നിന്ന് റിമ കല്ലിങ്കല്‍ മാത്രമാണ് നടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
വിജയ് ബാബുവിനെതിരെ സംഘടന നടപടി സ്വീകരിക്കണമെന്ന് ഡബ്ല്യുസിസിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ വിജയ് ബാബുവിനെതിരെ അമ്മ നടപടിക്ക് നീക്കം തുടങ്ങിയതായാണ് വിവരം. സംഭവത്തിൽ അമ്മ നിയമോപദേശവും തേടിയിട്ടുണ്ട്.